Tuesday, August 4, 2026
HomeNewsകൗൺസിലർ സുഗതന്റെ അവധിക്കായി വഴിവിട്ട് കത്ത് പൊല്ലാപ്പായി: ആദ്യ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ...

കൗൺസിലർ സുഗതന്റെ അവധിക്കായി വഴിവിട്ട് കത്ത് പൊല്ലാപ്പായി: ആദ്യ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥ സസ്പെൻഷനിൽ

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പരിഗണിക്കുന്നതിനായി വഴിവിട്ട് കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മന്ത്രി കെ.എം. ഷാജിയുടെയും വകുപ്പ് സെക്രട്ടറിയുടെയും കടുത്ത എതിർപ്പ് മറികടന്നാണ് അണ്ടർ സെക്രട്ടറി ബിജെപി കൗൺസിലറായ സുഗതന് അനുകൂലമായ മറുപടിക്കത്ത് നൽകിയത്. ഇതോടെ സസ്പെൻഷൻ നേരിടുന്ന ആദ്യ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഉദ്യോഗസ്ഥ എന്ന നാണക്കേടും ഡോ. ചിത്രയെ തേടിയെത്തി.

കാപ്പാ കേസിൽ നടപടി നേരിട്ട് ജയിലിലായതോടെ കൗൺസിലർ സ്ഥാനത്തിന് നേരിടുമായിരുന്ന അയോഗ്യത മറികടക്കാനാണ് തദ്ദേശ വകുപ്പിന്റെ മറുപടിക്കത്ത് തിരുവനന്തപുരം മേയർ വി.വി. രാജേഷ് ആയുധമാക്കിയത്. സുഗതന്റെ അവധി അപേക്ഷ കോർപ്പറേഷൻ കൗൺസിലിൽ വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു തദ്ദേശ വകുപ്പിൽ നിന്ന് നൽകിയ ഉപദേശം. കൗൺസിലിൽ വോട്ടിനിട്ട് ആറു മാസത്തേക്ക് അവധി അനുവദിച്ചുകൊണ്ട് ബിജെപി ഭരണസമിതി സുഗതനെ രക്ഷിച്ചെടുത്തതോടെ സംഭവം യുഡിഎഫ് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയും തലവേദനയുമായിരുന്നു.

ജയിൽ സൂപ്രണ്ട് മുഖേനയാണ് സുഗതൻ മേയർ വി.വി. രാജേഷിന് അവധി അപേക്ഷ നൽകിയത്. തടവുകാരനായ കൗൺസിലർ നൽകിയ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ ജയിൽ സൂപ്രണ്ട് ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും തുടർന്ന് തദ്ദേശ വകുപ്പിലേക്ക് വിഷയം കൈമാറുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പ് തലവൻമാരുടെയും മന്ത്രിയുടെയും നിലപാടുകൾ മറികടന്ന് ഉദ്യോഗസ്ഥ സുഗതന് സഹായകരമാകുന്ന തീരുമാനമെടുത്തത്. വിഷയത്തിൽ അന്വേഷണം പൂർത്തിയായതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments