Tuesday, August 4, 2026
HomeNewsശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകൾ: അന്വേഷണം വിജിലൻസിന് വിട്ട് കോടതി

ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകൾ: അന്വേഷണം വിജിലൻസിന് വിട്ട് കോടതി

കൊച്ചി : ശബരിമലയിലെ മിൽമ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസിന് വിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് അന്വേഷണം വിജിലൻസിന് വിട്ടത്. പ്രത്യേക കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഇടപെടൽ. വിഷയം അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണം. കേസെടുത്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും വ്യക്തമാക്കിയ കോടതി, കേസിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A പ്രകാരമുള്ള മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഓഗസ്റ്റ് 2 ലെ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറാൻ നിർദ്ദേശിച്ച കോടതി, അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ വെളിപ്പെടുത്തരുതെന്നും ഉത്തരവിട്ടു. അന്വേഷണ സംഘം കോടതിയോട് മാത്രമാണ് മറുപടി പറയാൻ ബാധ്യസ്ഥരായിട്ടുള്ളത്. കൂടാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രശാന്തിനെതിരെയടക്കം ഗുരുതര കണ്ടെത്തലുകൾമിൽമ വിതരണം ചെയ്ത 1,61,535 ലിറ്റർ നെയ്യ് പൂർണ്ണമായും സന്നിധാനത്ത് എത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ റിപ്പോർട്ടിൽ കടുത്ത സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപ നിരക്കിൽ മികച്ച ഗുണനിലവാരമുള്ള നെയ്യ് നൽകാൻ തയ്യാറായിരിക്കെ, ഇത് മറികടന്നാണ് ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകിയത്. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് മറികടന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനമെടുക്കുകയായിരുന്നു. അന്തരിച്ച മുരാരി ബാബുവും ഈ ടെൻഡർ അട്ടിമറിക്ക് മുൻകൈ എടുത്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments