ന്യൂയോർക്ക്: ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ടൈംസ് സ്‌ക്വയറിൽ നടന്ന വെടിവെപ്പ് വിനോദസഞ്ചാരികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പരിഭ്രാന്തി പരത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ ടൈംസ് സ്‌ക്വയറിൽ വെച്ച് നടന്ന സംഭവം വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 3:40ഓടെയാണ് വെസ്റ്റ് 44-ാം സ്ട്രീറ്റിനും 45-ാം സ്ട്രീറ്റിനും ഇടയിലുള്ള ബ്രോഡ്‌വേക്ക് സമീപം വെടിവെപ്പുണ്ടായത്. എൻ.ബി.എ ചാമ്പ്യന്മാരായ ന്യൂയോർക്ക് നിക്ക്സിന്റെ പരേഡ് നടന്നതിന് തൊട്ടുപിന്നാലെയാണ് ഈ അക്രമം അരങ്ങേറിയത്. നിക്ക്സിന്റെ ചരിത്രപരമായ വിജയത്തെത്തുടർന്ന് നഗരത്തിൽ വലിയ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. 10,000 പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരുന്നെങ്കിലും വെടിവെപ്പ് തടയാനായില്ല.

