ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്വതന്ത്ര വ്യാപാര കരാർ പ്രധാനവിഷയമായി. ഉഭയകക്ഷി വ്യാപാര പങ്കാളിത്തമുള്ള ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നികുതി തർക്കങ്ങൾ പരിഹരിക്കാനും വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനും ഈ കൂടിക്കാഴ്ച സഹായിക്കുന്നുണ്ട് . ഇന്ത്യൻ ഐടി, ഫാർമസ്യൂട്ടിക്കൽ മേഖലകൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ ഇളവുകൾ നേടാൻ കഴിയും.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 16 മാസങ്ങൾക്ക് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ മോദി പ്രശംസിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള വ്യാപാരം തടസമില്ലാതെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

