Monday, June 8, 2026
HomeGulfഒമാൻ തീരത്ത് യുഎസ് ഡ്രോൺ ആക്രമണത്തിനിരയായി ചരക്ക് കപ്പൽ: അടിയന്തിര രക്ഷാപ്രവർത്തനം; 24 ഇന്ത്യൻ നാവികർ...

ഒമാൻ തീരത്ത് യുഎസ് ഡ്രോൺ ആക്രമണത്തിനിരയായി ചരക്ക് കപ്പൽ: അടിയന്തിര രക്ഷാപ്രവർത്തനം; 24 ഇന്ത്യൻ നാവികർ സുരക്ഷിതർ

മസ്കറ്റ്: ഒമാൻ തീരത്ത് ചരക്ക് കപ്പലിൽ ഉണ്ടായ ആക്രമണത്തിൽ കുടുങ്ങിയ 24 ഇന്ത്യൻ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കപ്പലിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ തീപിടുത്തമുണ്ടായെങ്കിലും നാവികർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.

രക്ഷപ്പെട്ട 24 നാവികരും സുരക്ഷിതരാണെന്നും അവരുടെ ക്ഷേമമുറപ്പാക്കാൻ പ്രാദേശിക ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് മാരിടൈം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതർ കപ്പലിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

അതേസമയം, ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെയായി പലാവു പതാകയേന്തിയ കപ്പൽ സഞ്ചരിക്കുമ്പോഴാണ് അക്രമണമുണ്ടായത്. കപ്പലിന്റെ എൻജിൻ റൂമിലുണ്ടായ സ്ഫോടനത്തിൽ കപ്പലിന് വിള്ളൽ വീഴുകയും ഉള്ളിലേക്ക് വെള്ളം കയറി നിയന്ത്രണം നഷ്‌ടപ്പെടുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ കപ്പലിലെ ലൈഫ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ സങ്കീർണമാക്കിയിരുന്നു.

തീപിടുത്തത്തിന് പിന്നാലെ എംടി മാരിവെക്‌സിലെ ഒരു ജീവനക്കാരനില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചതായി ഓള്‍ ഇന്ത്യ സീഫെയറേഴ്‌സ് യൂണിയന്‍ വ്യക്തമാക്കുകയുണ്ടായി.യൂണിയന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, കപ്പലിലെ ജീവനക്കാരനായ നിതേഷ് എന്ന വ്യക്തിയാണ് അപകടത്തിന് പിന്നാലെ അടിയന്തര സഹായം തേടി ബന്ധപ്പെട്ടത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ 24 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും യൂണിയന്‍ അറിയിച്ചു.

”നിലവില്‍ ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്‌, കപ്പലിലെ എല്ലാ ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഞങ്ങള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിദേശകാര്യ മന്ത്രാലയം (MEA), വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍, ഇന്ത്യന്‍ നാവികസേന, പ്രതിരോധ മന്ത്രാലയം എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്,” യൂണിയന്‍ വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പം തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെയ്ക്കുമെന്നും ഓള്‍ ഇന്ത്യ സീഫെയറേഴ്‌സ് യൂണിയന്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയും ഈ പ്രതിസന്ധി ഘട്ടത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരവും ഉണ്ടാകുമെന്നും യൂണിയന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments