Monday, June 8, 2026
HomeNewsഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് വ്യോമതാവളം തക‍ർത്ത് ഇറാൻ

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് വ്യോമതാവളം തക‍ർത്ത് ഇറാൻ

രണ്ട് പതിറ്റാണ്ടോളമായി പശ്ചിമേഷ്യയിലെ യുഎസിന്‍റെ യുദ്ധ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിരുന്ന ഖത്തറിലെ യുഎസ് സൈനിക കേന്ദ്രമായ അല്‍ ഉദൈദ് വ്യോമതാവളം തക‍ർത്തതായി സ്ഥിരീകരണം. അതേസമയം ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടുകള്‍. യുദ്ധം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ തന്നെ അല്‍ ഉദൈദ് വ്യോമതാവളത്തിലെ കമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററില്‍ ഒന്നിലധികം ഇറാനിയൻ മിസൈലുകള്‍ പതിച്ചിരുന്നു. ഇതോടെ വ്യോമകേന്ദ്രം പ്രവർത്തനരഹിതമായി. എന്നാല്‍ അന്ന് ഇത് യുഎസ് സ്ഥിരീകരിച്ചില്ല. ഒടുവില്‍ യുദ്ധം തുടങ്ങി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഇറാൻ യുദ്ധത്തില്‍ തങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടത്തെ കുറിച്ച്‌ യുഎസ് സൈനികോദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

ഇതോടെ ഫെബ്രുവരി 28 ന് ഇസ്രയേലും യുഎസും ഇറാനെതിരെ ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയില്‍ യുഎസിന് ഇതുവരെയായി കനത്ത നഷ്ടം നേരിടേണ്ടിവന്നെന്നാണ് വിലയിരുത്തല്‍. അല്‍ ഉദൈദ് സൈനിക കേന്ദ്രം പ്രവർത്തന രഹിതമായതോടെ ഇറാൻ യുദ്ധതന്ത്രങ്ങള്‍ ഇപ്പോള്‍ യുഎസില്‍ വച്ചാണ് ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അതേസമയം യുദ്ധം തുടങ്ങും മുമ്പ് തന്നെ ഇറാൻ അല്‍ ഉദൈദ് സൈനിക കേന്ദ്രം അക്രമിക്കാൻ സാധ്യതയുള്ളതിനാല്‍ അവിടെ നിന്നും ആദ്യമേ തന്നെ സൈനികരെ മാറ്റിയിരുന്നെന്നും യുഎസ് സൈനികോദ്യോഗസ്ഥർ അവകാശപ്പെട്ടു. നിലവില്‍ യുഎസിന്‍റെ പശ്ചിമേഷ്യൻ നീക്കങ്ങള്‍ നിയന്ത്രിക്കുന്നത് ഷാ എയർഫോഴ്‌സ് ബേസിലെ ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അല്‍ ഉദൈദിലെ കംമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററിന് (സിഎഒസി) ഉണ്ടായ കേടുപടുകള്‍ പരിഹരിച്ച്‌ പുനർനിർമ്മാണം നടത്തുമോയെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം പറയാൻ സെൻട്രല്‍ കോമിന്‍റെ വക്താവ് തയ്യാറായില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അല്‍ ഉദൈദിലെ കംമ്പൈൻഡ് എയർ ഓപ്പറേഷൻസ് സെന്‍ററിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1990 ഓഗസ്റ്റില്‍ സദ്ദാം ഹുസൈൻ കുവൈത്ത് ആക്രമിച്ചതിന് പിന്നാലെ യുഎസും സഖ്യകക്ഷികളും ഗള്‍ഫ് മേഖലയിലേക്ക് എത്തിയിരുന്നു. അന്നത്തെ ഓപ്പറേഷൻ ഡെസേർട്ട് ഷീല്‍ഡിന് വേണ്ടി റിയാദിലെ ഒരു പാർക്കിംഗ് സ്ഥലത്ത് ടെന്‍റുകള്‍ അടിച്ച്‌ കൂട്ടിയാണ് ആദ്യമായി ഈ സൈനിക കേന്ദ്രം സ്ഥാപിച്ചത്, പിന്നീട് ഇത് പ്രിൻസ് സുല്‍ത്താൻ എയർ ബേസിലേക്ക് മാറ്റി. 2001 സെപ്റ്റംബർ 11- ലെ ഭീകരാക്രമണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അല്‍ ഉദൈദില്‍ സിഎഒസി പൂർണതോതില്‍ പ്രവർത്തനം തുടങ്ങിയത്.

അഫ്ഗാനിസ്ഥാൻ യുദ്ധ കാലത്തും 2003 ലെ ഇറാഖ് അധിനിവേശ കാലത്തും ഈ സെന്‍ട്രല്‍ കമാൻറ് പ്രവ‍ത്തിച്ചു. ഒടുവില്‍ ഇറാൻറെ മിസൈലുകളില്‍ സെൻട്രല്‍ കമാന്‍റ് തകർന്നെന്ന് യുഎസ് ഔദ്ധ്യോഗികമായി തന്നെ സമ്മതിച്ചിരിക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ കമാൻഡ് ആസ്ഥാനമായിട്ടാണ് അല്‍ ഉദൈദ് അറിയിപ്പെട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments