മെരിലാൻഡ് സംസ്ഥാനത്തിലെ ഗെയ്തേഴ്സ്ബർഗിൽ സംഘടിപ്പിച്ച “DC Mallu Open 2026” മലയാളി ടെന്നീസ് പ്രേമികളുടെ ആവേശോജ്വല സംഗമമായി മാറി. വാഷിങ്ടൺ ഡി.സി, വെർജീനിയ, മെരിലാൻഡ് മേഖലകളിൽ നിന്നായി 34 മലയാളികൾ ടൂർണമെന്റിൽ പങ്കെടുത്തു. ശക്തമായ മത്സരങ്ങളും മികച്ച സ്പോർട്സ്മാൻഷിപ്പും കൊണ്ട് പരിപാടി ശ്രദ്ധേയമായി.

ഡബിൾസ് മത്സരങ്ങൾ രണ്ട് വിഭാഗങ്ങളിലായി നടന്നു — മാസ്റ്റേഴ്സ്, ചാലഞ്ചേഴ്സ്. മാസ്റ്റേഴ്സ് വിഭാഗത്തിൽ അനൂപ് & സുധീർ സഖ്യം ചാമ്പ്യൻമാരായി. ഫൈനലിൽ ബിനോയ് & സന്തോഷ് ടീമിനെ പരാജയപ്പെടുത്തിയാണ് ഇവർ കിരീടം സ്വന്തമാക്കിയത്. അഫ്‌താബ് ഹഫീസ് & അനീഷ് ഫറൂഖ് സഖ്യം സെമിഫൈനലിസ്റ്റുകളായി.

ചാലഞ്ചേഴ്സ് വിഭാഗത്തിൽ കുട്ടി & വിക്രം സഖ്യം ചാമ്പ്യൻമാരായി. മഹേഷ് & ലിഗി റണ്ണറപ്പുകളായി. ദിനേഷ് സഞ്ജീവ് & അശിഷ് റൈബ് ടീമുകൾ സെമിഫൈനലിൽ എത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

ഡബിൾസ് ടൂർണമെന്റിന്റെ വിജയത്തെ തുടർന്ന് DC Mallu Open Singles Tournament 2026 ഉടൻ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡി.സി മെട്രോ മേഖലയിലെ മലയാളി ടെന്നീസ് താരങ്ങൾക്കായി കൂടുതൽ മത്സരവേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിംഗിൾസ് ടൂർണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിനായുള്ള രജിസ്ട്രേഷനും ഫിക്‌ചറുകളും അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

മത്സരങ്ങൾക്ക് പുറമെ മലയാളി സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന വേദിയായും DC Mallu Open 2026 മാറി. പരിപാടിയുടെ വിജയത്തിനായി പിന്തുണ നൽകിയ ഹൈദറിനും പ്രദീപിനും സംഘാടകർ പ്രത്യേക നന്ദി അറിയിച്ചു.

ടൂർണമെന്റിന്റെ കമ്മിറ്റി അംഗങ്ങളായ അഫാൻ, അനെസ്, കുട്ടി എന്നിവർ എല്ലാ വിജയികൾക്കും പങ്കെടുത്ത മത്സരാർത്ഥികൾക്കും അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. “കായിക മത്സരങ്ങൾ സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്ന മികച്ച വേദിയാണ്. അടുത്ത വർഷം ഇതിലും വലിയ രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന്” കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കി.


