കൊൽക്കത്ത: സുവേന്ദു അധികാരി നയിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം. കൊൽക്കത്തയിലെ റാണി റാഷ്മണി അവന്യൂവിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ പ്രവർത്തകർ ഒത്തുകൂടി കുത്തിയിരുപ്പ് സമരം തുടങ്ങി. ടി.എം.സി എം.പി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ ആക്രമണങ്ങളിലും വ്യാപക ഒഴിപ്പിക്കൽ നടപടികൾക്കുമെതിരെയാണ് സമരം
ടി.എം.സി ദേശീയ അധ്യക്ഷൻ അഭിഷേക് ബാനർജിക്കും മുതിർന്ന പാർട്ടി നേതാവ് കല്യാൺ ബാനർജിക്കും നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് പ്രതിഷേധം. കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര ഭിന്നതകളും രൂക്ഷമായിരുന്നു.
സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ ഭയന്ന് തൃണമൂൽ കോൺഗ്രസ് പിൻമാറില്ലെന്ന് മമത ബാനർജി പറഞ്ഞു. പോരാട്ടം അല്ലെങ്കിൽ മരണം എന്ന് മമത ബാനർജി ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രതിഷേധത്തിനിടെ ടി.എം.സി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ല, വേദി സ്ഥാപിക്കാൻ അനുമതിയില്ല, ടി.എം.സിക്ക് ഞങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവാദമില്ല. പക്ഷേ ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴയില്ല -മമത പറഞ്ഞു. ബി.ജെ.പിയുടെ ദുർഭരണവും ക്രൂരതയും വോട്ട് കൊള്ളയും ചൂണ്ടിക്കാണിച്ച മമത, തൃണമൂൽ എം.എൽ.എമാരെയും കൗൺസിലർമാരെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ടി.എം.സിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ, മേയ് നാലുമുതൽ ബി.ജെ.പി 30ഓളം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതായി ടി.എം.സി എം.പി കല്യാൺ ബാനർജി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. യഥാർഥ തൃണമൂൽ കോൺഗ്രസുകാർ ബി.ജെ.പിക്കെതിരെ തിരിച്ചടിക്കുമെന്ന് പറഞ്ഞ കല്യാൺ ബാനർജി, സുവേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്നും വിശേഷിപ്പിച്ചു.
കൂടാതെ, ഋതബ്രത ബാനർജിയുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെയും കല്യാണ്‍ ബാനർജി രൂക്ഷമായി വിമർശിച്ചു. നിങ്ങൾ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. മമത ബാനർജിയുടെ അനുഗ്രഹം കൊണ്ടാണ് വിജയിച്ചത്. ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ഒറ്റക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ശ്രമിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഋതബ്രത ഒരു വിസിൽബ്ലോവർ അല്ലെന്നും സുവേന്ദു അധികാരിയുടെ സഹായത്തോടെ രാഷ്ട്രീയ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന കള്ളനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

