വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ മലയാളികളുടെ ആശയും അഭിലാഷവുമായ ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജസ്വലമായ തുടര്‍ച്ച മുദ്രാവാക്യമാക്കി 2026-’28 ഭരണ സമിതിയിലേയ്ക്ക് ആത്മവിശ്വാസത്തോടെ ജനവിധി തേടുന്ന ‘ടീം പ്രോമീസ് ഫോമാ’ പാനല്‍ അംഗങ്ങള്‍ ക്യാപിറ്റല്‍ റീജിയന്‍ സന്ദര്‍ശിച്ചപ്പോള്‍ അത് തികഞ്ഞ ഒരു സൗഹദ കൂട്ടായ്മയായി മാറി. എലിക്കോട്ട് സിറ്റിയിലെ 4536 Chews Vineyard-ലെ സ്‌നേഹ സായാഹ്നത്തില്‍ മരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡി.സി., വെര്‍ജീനിയ എന്നിവിടങ്ങളിലെ മലയാളി സമൂഹം ഹൃദ്യമായ സാന്നിധ്യമറിയിച്ചു. മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നേതൃത്വം നല്‍കുന്ന ടീം പ്രോമിസ് നേതാക്കള്‍ അവരുമായി സംവദിച്ചു. വരുന്ന ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫാമിലി കണ്‍വന്‍ഷനോടനമുബന്ധിച്ചുള്ള ഇലക്ഷന്‍ കാമ്പെയ്‌ന്റെ ഭാഗമായാണ് ബഹുജന പങ്കാളിത്തത്തോടെയുള്ള യോഗം സംഘടിപ്പിച്ചത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ്, വിവധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ-ജനറല്‍ സെക്രട്ടറി (ഫിലഡല്‍ഫിയ), ബിനോയ് തോമസ് -ട്രഷറര്‍ (ന്യൂയോര്‍ക്ക്), ജോണ്‍സണ്‍ ജോസഫ് -വൈസ് പ്രസിഡന്റ് (കാലിഫോര്‍ണിയ), രേഷ്മ രഞ്ജന്‍-ജോയിന്റ് സെക്രട്ടറി (ടെക്‌സസ്), ടിറ്റോ ജോണ്‍-ജോയിന്റ് ട്രഷറര്‍ (ഫേളോറിഡ) എന്നിവര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ക്യാപിറ്റല്‍ റീജിയണില്‍ ലഭിച്ചത്. സദസിനെ അഭിസംബോധന ചെയ്ത ഇവര്‍ ഓരോരുത്തരും തങ്ങളുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളും പങ്കുവയക്കുകയും ഫോമായെ ഒരു ശക്തമായ സാമൂഹിക സാംസ്‌കാരിക, സേവന സംഘടനയായി ഉയര്‍ത്താനുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ക്യാപിറ്റല്‍ റീജിയനിലെ പ്രധാന മലയാളി സംഘടനകളായ കൈരളി ഓഫ് ബാള്‍ട്ടിമോര്‍, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍, കേരള കള്‍ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍ എന്നിവയുടെ പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും അംഗങ്ങളുമൊക്കെ സാന്നിധ്യം അറിയിച്ചത് ഈ സംഗമത്തിന് കരുത്തായി. ഫോമാ ക്യാപിറ്റല്‍ റീജിയന്‍ ആര്‍.വി.പി ലെന്‍ജി ജേക്കബ്, നാഷണല്‍ കമ്മിറ്റി അംഗം ഷെല്ലി പ്രഭാകരന്‍ എന്നിവരും പങ്കെടുത്തു.

എം.സി മറിയാ തോമസ് നയിച്ച നിശ്ശബ്ദ പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് വിജോയ് പട്ടമ്മാടി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഫോമായുടെ സ്ഥാപക നേതാക്കളിലോരാളുമായ മാത്യു വര്‍ഗീസ് വേദിയിലെത്തി. വാഷിംഗ്ടണ്‍ ജോസ് എന്ന പേരില്‍ പ്രദേശവാസികള്‍ക്ക് സുപരിചിതനായ അദ്ദേഹം, ക്യാപിറ്റല്‍ റീജിയനുമായുള്ള തന്റെ ദീര്‍ഘകാല ബന്ധവും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിലെ സേവനകാലവും ഓര്‍മ്മപ്പെടുത്തി. ഫോമായുടെ നേട്ടങ്ങള്‍, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍, സൗഹൃദബന്ധങ്ങളുടെ പ്രാധാന്യം, കേരളവുമായി ബന്ധം ശക്തിപ്പെടുത്താനുള്ള ‘വിദ്യാജ്യോതി’ സ്‌കോളര്‍ഷിപ്പ് പോലുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അനു സ്‌കറിയ തന്റെ ഫോമാ യാത്രയും യുവജന ഉപദേഷ്ടാവ്, തിരഞ്ഞെടുപ്പ് കമ്മീഷണര്‍, ഫോമാ സമ്മര്‍ ടും കേരള പ്രാഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നല്‍കിയ സംഭാവനകളും പങ്കുവെച്ചു. ഫോമാ അംഗസംഘടനകളുമായി ബന്ധം ശക്തിപ്പെടുത്താനും ഒരു സ്ഥിരം ഫോമാ ന്യൂസ്‌ലെറ്റര്‍ ആരംഭിക്കാനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം ഏവരും ആവേശത്തോടെ സ്വീകരിച്ചു.

ട്രഷറര്‍ സ്ഥാനാര്‍ത്ഥി ബിനോയ് തോമസ് ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ആര്‍.വി.പി ആയിരുന്ന കാലത്ത് നേടിയ ബെസ്റ്റ് റീജിയന്‍ അവാര്‍ഡ് ഓര്‍മ്മപ്പെടുത്തി. ക്യാപിറ്റല്‍ റീജിയനിലെ മുതിര്‍ന്ന നേതാവ് ജോസ് തോമസ് ഫോമായുടെ ആരംഭകാലം മുതല്‍ ഇന്നുവരെ താന്‍ വഹിച്ച വിവിധ ചുമതലകളും സംഘടനയുടെ വളര്‍ച്ചയ്ക്കുള്ള ശക്തമായ നേതൃത്വത്തിന്റെ ആവശ്യകതയും വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍സണ്‍ ജോസഫ് ലോസ് ആഞ്ചലസില്‍ നിന്ന് എത്തിയതും, വെസ്റ്റേണ്‍ റീജിയന്‍ ആര്‍.വി.പി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ലാസ് വെഗാസില്‍ സംഘടിപ്പിച്ച മികച്ച ബിസിനസ് മീറ്റിംഗും പങ്കുവെച്ചു. കേരളത്തിലെ ദരിദ്രര്‍ക്കായി സ്വന്തം വീട് ദാനം ചെയ്ത അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളെ സദസ് ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു.

മുന്‍ ആര്‍.വി.പി.യും നാഷണല്‍ കമ്മിറ്റി അംഗവുമായ ഡോ. മധു നമ്പ്യാര്‍ ഫോമാ നല്‍കിയ സൗഹൃദങ്ങളും അവസരങ്ങളും പങ്കുവെച്ചു. ക്യാപിറ്റല്‍ റീജിയന്റെ സമൂഹസേവന നേട്ടങ്ങളും അദ്ദേഹം അഭിമാനത്തോടെ ഓര്‍മ്മപ്പെടുത്തി. ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഷ്മ രഞ്ജന്‍ തന്റെ 13 പുസ്തകങ്ങളിലൂടെയുള്ള സാഹിത്യ അഭിരുചിയും വനിതാ ആരോഗ്യ പദ്ധതികളും പ്രകടമാക്കി. ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ടിറ്റോ ജോണ്‍ യുവജന ക്ഷേമ പ്രവര്‍ത്തനങ്ങളും അതിനുള്ള സാമൂഹിക പിന്തുണയും പങ്കുവെയ്ക്കുകയും ചെയ്തു.

പ്രാദേശിക സംഘടനാ നേതാക്കളായ ഡോ. നാരായണന്‍ ഇല്ലത്ത് വളപ്പില്‍, മുന്‍ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍ എന്നിവര്‍ ഫോമായുടെ ഭാവി വളര്‍ച്ചയ്ക്കുള്ള നിര്‍ണായക ചിന്തകളും ആശംസകളും പങ്കുവെച്ചു. നിരവധി സമൂഹനേതാക്കള്‍ ഫോമായെ ഉയര്‍ന്ന നിലയിലേക്ക് നയിക്കാന്‍ സമര്‍പ്പിതമായ നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെട്ടു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഉന്നയിച്ച ഓരോ ചോദ്യത്തിനും ടീം പ്രോമിസ് നേതാക്കള്‍ തുറന്ന മനസ്സോടെ ചോദ്യോത്തര സെഷനില്‍ മറുപടി നല്‍കി. ടീം പ്രോമീസിന്റെ നിലപാടിലെ സൗഹൃദ സമീപനവും എല്ലാവരുടെയും പ്രശംസ നേടി. ജോണി ചെറുശ്ശേരി കൃതജ്ഞത പ്രകാശിപ്പിച്ചു. ഹദ്യമായ സ്വീകരണമൊരുക്കിയതിന് ടീം ഫ്രോമീസ് ക്യാപ്പിറ്റല്‍ റീജിയണിലെ ഏവര്‍ക്കും തങ്ങളുടെ അകൈതവമായ നന്ദി അറിയിച്ചു.







