കൊച്ചി : വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും യാത്രാ ഡിമാൻഡിലെ ഇടിവും കാരണം ഇന്ത്യയിലെ മുൻനിര വിമാനക്കമ്പനികൾ തങ്ങളുടെ ആഭ്യന്തര സർവീസുകൾ വലിയ തോതിൽ വെട്ടിക്കുറക്കുന്നു. ഇത് വിമാന ടിക്കറ്റ് നിരക്കിൽ കൂടുതൽ വർദ്ധനവിനും പ്രധാന വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കാനും കാരണമായേക്കും.മുംബൈ, ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന വ്യോമയാന കേന്ദ്രങ്ങളെയാണ് നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക. മുംബൈയിൽ നിന്ന് ജയ്പൂർ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, നാഗ്പൂർ, പട്ന, ഭോപ്പാൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കുറയും. ഡൽഹിയിൽ നിന്ന് ഗോവ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, ലഖ്‌നൗ, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതിദിനം ഏകദേശം 500 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ, ജൂൺ, ജൂലൈ മാസങ്ങളിൽ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 22 ശതമാനം കുറവ് വരുത്തും. അതായത് പ്രതിദിനം 110 വിമാനങ്ങൾ കുറയും. ഇന്ധനച്ചെലവ് വർദ്ധിച്ചതിനാലാണ് താൽക്കാലികമായി ഈ നടപടിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ ആകെ ശേഷിയുടെ 5 മുതൽ 7 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് പ്രതിദിനം 110 വിമാനങ്ങളുടെ കുറവുണ്ടാക്കും. പ്രതിദിനം 340 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്, തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 10 ശതമാനം കുറവ് വരുത്തും. വേനൽക്കാല അവധിക്കുശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.
വിമാന ഇന്ധനമായ എടിഎഫ് വിലയിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ആഭ്യന്തര വിപണിയിൽ ജെറ്റ് ഇന്ധന വിലയിൽ ഏകദേശം 25 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിലും ഇന്ധനവില കുത്തനെ ഉയർന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ് ഇന്ധനം. ഇതിനുപുറമെ, യാത്രക്കാരുടെ ഡിമാൻഡിലും കുറവുണ്ടായതോടെ, ചെലവ് ചുരുക്കുന്നതിനും സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായാണ് കമ്പനികൾ വിമാനങ്ങളുടെ എണ്ണം കുറക്കുന്നത്.

