ന്യൂയോർക്ക് : ലോകകപ്പ് ഫുട്ബോൾ ടിക്കറ്റുകളുടെ അമിത നിരക്കിലും വിപണന തന്ത്രങ്ങളിലും ഫിഫയ്‌ക്കെതിരെ കടുത്ത നടപടിയുമായി യു.എസിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങൾ. ഫിഫയുടെ ടിക്കറ്റ് വിതരണ രീതികൾ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും അറ്റോർണി ജനറൽമാർ സംയുക്ത അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫിഫയ്ക്ക് സമൻസ് അയച്ചിട്ടുണ്ട്.
ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടാൻ കാരണമായ ‘വേരിയബിൾ പ്രൈസിംഗ്’ രീതി, സ്റ്റേഡിയം മാപ്പുകളിൽ മാറ്റം വരുത്തി ആരാധകരുടെ സീറ്റുകൾ മൈതാനത്തുനിന്നും വളരെ ദൂരേക്ക് മാറ്റിയത് തുടങ്ങിയ പരാതികളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഫൈനൽ ഉൾപ്പെടെ എട്ട് മത്സരങ്ങൾക്ക് വേദിയാകുന്ന ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ടിക്കറ്റ് വിതരണത്തിലാണ് അധികൃതർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ടിക്കറ്റ് വാങ്ങൽ പ്രക്രിയയെ ഫിഫ ആശയക്കുഴപ്പങ്ങളുടെയും, കൃത്രിമമായ ടിക്കറ്റ് ക്ഷാമത്തിൻ്റെയും, അമിതവിലയുടെയും വേദിയാക്കി മാറ്റിയെന്ന് ന്യൂജേഴ്‌സി അറ്റോർണി ജനറൽ ജെന്നിഫർ ഡാവൻപോർട്ട് കുറ്റപ്പെടുത്തി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് അഭിമാനമാണെന്നും എന്നാൽ അതിൻ്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. ന്യൂയോർക്കുകാർക്ക് ന്യായമായ വിലയിൽ ടിക്കറ്റ് ലഭിക്കാൻ അർഹതയുണ്ടെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസും പ്രതികരിച്ചു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ഫിഫ തയ്യാറായിട്ടില്ല.
അതേസമയം, ജൂലൈ 19-ന് നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ ചില ടിക്കറ്റുകൾക്ക് നിലവിൽ 33,000 ഡോളർ (ഏകദേശം 27 ലക്ഷത്തിലധികം രൂപ) വരെയാണ് വില ഈടാക്കുന്നത്. സാധാരണക്കാരായ ആരാധകർക്ക് ആശ്വാസമായി, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ മത്സരങ്ങൾക്കായി (ഫൈനൽ ഒഴികെ) നഗരത്തിലെ താമസക്കാർക്ക് ലോട്ടറി സമ്പ്രദായത്തിലൂടെ 50 ഡോളർ നിരക്കിൽ 1,000 ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി അറിയിച്ചിട്ടുണ്ട്.
മെക്സിക്കോ സിറ്റിയിലും ഗ്വാഡലഹാരയിലുമായി ജൂൺ 11-നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂൺ 13-ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ മൊറോക്കോയെ നേരിടും.

