തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ കടുത്ത സംഘർഷം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ക്യാമ്പസിന് പുറത്ത് എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയിലാണ് ഇരുവിഭാഗവും തമ്മിൽ ആദ്യം വാക്കേറ്റവും പിന്നീട് പരസ്യമായ സംഘർഷവുമുണ്ടായത്. ഇരുവിഭാഗം പ്രവർത്തകരും പരസ്പരം കല്ലെറിഞ്ഞതോടെ പ്രദേശം യുദ്ധക്കളമായി മാറി. കെഎസ്‍യു പ്രവർത്തകർ തങ്ങൾക്കുനേരെ കല്ലെറിഞ്ഞെന്നും പോലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ ആരോപിച്ചു. സംഘർഷം നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയുമാണ് ചെയ്തത്.
വലിയ മേധാവിത്വത്തോടെയാണ് കേരള സർവകലാശാല യൂണിയൻ ഭരണത്തിലേക്ക് എസ്എഫ്ഐ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 37 സീറ്റുകളിൽ 35 സീറ്റും നേടിയാണ് എസ്‌എഫ് ഐ യൂണിയൻ ഭരണം നിലനിർത്തിയത്. വൻ ഭൂരിപക്ഷത്തോടെ എസ്‌എഫ്‌ഐയുടെ ശിവ എസ് പുതിയ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തങ്ങൾക്കുള്ള ശക്തമായ സ്വാധീനം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി എസ്‌എഫ്‌ഐയുടെ ഈ തിളക്കമാർന്ന വിജയം.
അതേസമയം യൂണിയനിൽ രണ്ട് സീറ്റുകൾ മാത്രമാണ് കെഎസ്‌യുവിന് നേടാനായത്. മൂന്ന് വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ കെഎസ്‌യു സ്ഥാനാർത്ഥിയായ ഫാത്തിമ ഫർഹ വിജയിച്ചു. ഇതിന് പുറമെ അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനവും കെഎസ്‌യു സ്വന്തമാക്കി. ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ കല്ലേറിലും സംഘർഷത്തിലും ഏതാനും പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

