Tuesday, May 26, 2026
HomeAmericaയുഎസ് ഇറാൻ സംഘർഷം: പാകിസ്താൻ മധ്യസ്ഥ വഹിക്കുന്നതിൽ ഇന്ത്യക്ക് എതിർപ്പില്ല: മാർക്കോ റൂബിയോ

യുഎസ് ഇറാൻ സംഘർഷം: പാകിസ്താൻ മധ്യസ്ഥ വഹിക്കുന്നതിൽ ഇന്ത്യക്ക് എതിർപ്പില്ല: മാർക്കോ റൂബിയോ

ന്യൂഡൽഹി : യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളിൽ പാകിസ്താൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിൽ ഇന്ത്യക്ക് യാതൊരുവിധ എതിർപ്പുമില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാകിസ്താൻ്റെ മധ്യസ്ഥശ്രമങ്ങളെക്കുറിച്ച് ഇന്ത്യ എന്തെങ്കിലും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“പാകിസ്താനെക്കുറിച്ച് ഇന്ത്യക്ക് എപ്പോഴും ആശങ്കകളുണ്ട്. പാക് മണ്ണിൽ നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സായുധ ഭീകര സംഘടനകളെക്കുറിച്ച് അവർ നിരന്തരം ചൂണ്ടിക്കാണിക്കാറുമുണ്ട്. എന്നാൽ, ഇറാൻ വിഷയത്തിൽ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ചർച്ചകളെക്കുറിച്ച് ഇന്ത്യ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല. അതിൽ അവർക്ക് പരാതിയുണ്ടെന്ന് ഞാൻ കരുതുന്നില്ല. പാകിസ്താനുമായി ഇന്ത്യക്കുള്ള പ്രശ്നങ്ങൾ തികച്ചും വ്യത്യസ്തമാണ്,” റൂബിയോ പറഞ്ഞു.

ശനിയാഴ്ച ഇന്ത്യയിലെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ചൊവ്വാഴ്ച നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളാകും യോഗത്തിൻ്റെ പ്രധാന അജണ്ട.ഇന്ത്യ യു.എസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന പങ്കാളിയും മുൻനിര വ്യാപാര പങ്കാളിയുമാണെന്ന് റൂബിയോ വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും ശക്തമായ നിലയിലാണെന്നും ഈ ഭരണകൂടത്തിൻ്റെ കാലാവധി കഴിയുമ്പോഴേക്കും അത് കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താൻ സൈനിക നേതൃത്വവുമായി യു.എസ് വീണ്ടും നടത്തുന്ന ചർച്ചകളിൽ ഇന്ത്യക്കുള്ള ആശങ്കകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം തന്ത്രപൂർവം ഒഴിഞ്ഞുമാറി. ലോകത്തെ എല്ലാ രാജ്യങ്ങളുമായും യു.എസിന് നയതന്ത്ര ബന്ധങ്ങളുണ്ടെന്നും, ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങൾ അത്തരം ബന്ധങ്ങൾ നിലനിർത്താറുണ്ടെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും റൂബിയോ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments