വാഷിംഗ്ടൺ : അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ അജ്ഞാത പദാർത്ഥവുമായി സമ്പർക്കത്തിലായതിനെ തുടർന്ന് മൂന്ന് പേർ മരണപ്പെട്ടു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും പ്രഥമശുശ്രൂഷയ്ക്കുമായി എത്തിയ 18 സുരക്ഷാ ഉദ്യോഗസ്ഥരെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്.
ന്യൂ മെക്സിക്കോയിലെ മൗണ്ടൻഎയർ എന്ന ഗ്രാമീണ മേഖലയിലെ ഒരു വീട്ടിൽ ബുധനാഴ്ചയായിരുന്നു സംഭവം. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചെന്ന സന്ദേശത്തെ തുടർന്നാണ് പൊലീസും അഗ്നിശമനസേനയും അടങ്ങുന്ന സംഘം ഈ വീട്ടിലെത്തിയത്. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാല് പേരിൽ മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. നാലാമത്തെയാളെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മാരക പദാർത്ഥവുമായി സമ്പർക്കമുണ്ടായതാണ് രക്ഷാപ്രവർത്തകർക്കും വിനയായത്. വീട്ടിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് തന്നെ തലകറക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഐസൊലേഷനിലാക്കി ചികിത്സ നൽകുകയും ചെയ്തു.ലഹരിമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മാരകമായ രാസവസ്തുവാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ഈ പദാർത്ഥം വായുവിലൂടെ പടരുന്നതല്ലെന്നും, നേരിട്ടുള്ള സ്പർശനത്തിലൂടെയാണ് ബാധിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ആൽബുകെർക്കി ഫയർ റെസ്ക്യൂവിൻ്റെ ‘ഹാസ്മറ്റ്’ വിദഗ്ധ സംഘം സ്ഥലത്തെത്തി രാസപദാർത്ഥം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

