Monday, May 18, 2026
HomeAmericaഐഎസ് ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ സൈനിക നടപടിയിലൂടെ വധിച്ചതായി ട്രംപ്

ഐഎസ് ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ സൈനിക നടപടിയിലൂടെ വധിച്ചതായി ട്രംപ്

വാഷിംഗ്ടൺ : ഇസ്‌ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) ആഗോളതലത്തിലെ രണ്ടാമനും പ്രമുഖ ഭീകരനുമായ അബു ബിലാൽ അൽ മിനൂക്കിയെ സൈനിക നടപടിയിലൂടെ വധിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ വച്ച് യുഎസ് സേനയും നൈജീരിയൻ സായുധ സേനയും സംയുക്തമായി നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ നിർണായക വിവരം പുറത്തുവിട്ടത്.

അതീവ സങ്കീർണ്ണമായ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ യുഎസ് സൈനികരെയും അതിന് പൂർണ്ണ പിന്തുണ നൽകിയ നൈജീരിയൻ സർക്കാരിനെയും ട്രംപ് അഭിനന്ദിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് സംയുക്ത സേന ഭീകരൻ്റെ ഒളിത്താവളം തകർത്തത്.

‘ഇന്ന് രാത്രി, എന്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. ഐസിസിന്റെ ആഗോളതലത്തിലെ രണ്ടാമനായ അബു ബിലാൽ അൽ മിനൂക്കി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല, ദൌത്യത്തിൽ പങ്കാളിയായ നൈജീരിയൻ സർാക്കാരിനും നന്ദി”- ട്രംപ് കുറിച്ചു.

അമേരിക്കൻ പൗരന്മാർക്കും സഖ്യകക്ഷികൾക്കുമെതിരെ ആഗോളതലത്തിൽ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാനിയായിരുന്നു അബു ബിലാൽ അൽ മിനൂക്കി. ഇയാളുടെ വധം ഐഎസിൻ്റെ ആഗോള പ്രവർത്തനങ്ങൾക്കും ആഫ്രിക്കയിലെ ഭീകരവാദ നെറ്റ്‌വർക്കുകൾക്കും ഏൽപ്പിച്ച ഏറ്റവും വലിയ ആഘാതമാണെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വിലയിരുത്തി. ലോകത്തെ ഭീകരവാദത്തിൽ നിന്ന് മുക്തമാക്കാനുള്ള അമേരിക്കയുടെ പോരാട്ടത്തിലെ വലിയൊരു നാഴികക്കല്ലാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments