Friday, May 15, 2026
HomeAmerica2026 ഫിഫ ലോകകപ്പ്: ആവേശം കൂട്ടാൻ വർണ്ണശബളമായ കലാപരിപാടികൾ

2026 ഫിഫ ലോകകപ്പ്: ആവേശം കൂട്ടാൻ വർണ്ണശബളമായ കലാപരിപാടികൾ

ന്യൂയോർക്ക് : 2026 ഫിഫ ലോകകപ്പ് ഫൈനലിന് ആവേശം കൂട്ടാൻ ചരിത്രത്തിലാദ്യമായി ‘ഹാഫ് ടൈം ഷോ’ വരുന്നു. പോപ്പ് രാജ്ഞി മഡോണ, പ്രശസ്ത കൊറിയൻ ബാൻഡ് ബിടിഎസ് (BTS), ലാറ്റിൻ പോപ്പ് ഗായിക ഷക്കീറ എന്നിവർ സംയുക്തമായി ഈ മെഗാ ഷോയിൽ അണിനിരക്കുമെന്ന് അന്താരാഷ്ട്ര സംഘടനയായ ഗ്ലോബൽ സിറ്റിസൺ അറിയിച്ചു.

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് (ലോകകപ്പിൽ ‘ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയം’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വേദി) ജൂലൈ 19-ന് ഫൈനൽ മത്സരം നടക്കുന്നത്. പ്രശസ്ത ചിൽഡ്രൻസ് ടിവി പ്രോഗ്രാമായ ‘സെസെമി സ്ട്രീറ്റിലെ’ പ്രിയ കഥാപാത്രങ്ങളായ എൽമോ, കുക്കി മോൺസ്റ്റർ എന്നിവർക്കൊപ്പം കോൾഡ്‌പ്ലേ ഗായകൻ ക്രിസ് മാർട്ടിൻ പങ്കെടുത്ത വീഡിയോയിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയത്.

ക്രിസ് മാർട്ടിൻ ആസൂത്രണംചെയ്യുന്ന ഈ സംഗീത വിരുന്ന് നിർമ്മിക്കുന്നത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഗ്ലോബൽ സിറ്റിസൺ ആണ്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും ഫുട്ബോൾ പരിശീലനവും ഉറപ്പാക്കുന്ന ‘ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിലേക്ക്’ തുക സമാഹരിക്കാനാണ് ഈ ഷോയിലൂടെ ലക്ഷ്യമിടുന്നത്.

ജൂൺ 11-ന് ആരംഭിക്കുന്ന ലോകകപ്പിൻ്റെ കലാശക്കൊട്ട് ജൂലൈ 19-ന് ഈസ്റ്റേൺ ടൈം ഉച്ചകഴിഞ്ഞ് 3 മണിക്ക് (ഇന്ത്യൻ സമയം രാത്രി 12.30) ആരംഭിക്കും. മത്സരത്തിൻ്റെ ഹാഫ് ടൈമിൽ (ആദ്യ പകുതിക്ക് ശേഷമുള്ള ഇടവേള) ആയിരിക്കും ഈ സംഗീത വിരുന്ന് അരങ്ങേറുക. എന്നാൽ ഷോയുടെ തത്സമയ സംപ്രേക്ഷണ വിവരങ്ങൾ ഫിഫ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments