ഇറാൻ : യുഎസ് യുദ്ധത്തിൽ ആശങ്ക തുടരുന്നതിനിടെ ലോകത്തിന്റെ കണ്ണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായുള്ള ചർച്ചയിലേക്ക്. ഇലോൺ മസ്ക് അടക്കം അമേരിക്കയിലെ വമ്പൻ കമ്പനികളുടെ സിഇഒമാർക്കൊപ്പമാണ് ട്രംപ് ചൈനയിലെത്തിയത്. മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്രയാണ് കൂട്ടത്തിലുള്ള ഇന്ത്യക്കാരൻ വ്യവസായി. വ്യാപാര തീരുവ, റെയർ എർത്ത് മൂലകങ്ങൾ, ഇറാൻ യുദ്ധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുനേതാക്കളും തമ്മിൽ ചർച്ച നടക്കും. 2017ന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ട്രംപ്
ലോകത്തിലെ രണ്ട് സാമ്പത്തിക സൂപ്പർ ശക്തികൾ തമ്മിലുള്ള ചർച്ചയുടെ ഫലമെന്താകുെമന്നാണ് നിക്ഷേപകരുടെ ആശങ്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുൻപത്തേക്കാൾ മികച്ചതാണെന്നാണ് ട്രംപിന്റെ നിലപാട്. പല വിഷയങ്ങളിലും തർക്കങ്ങളുണ്ടെങ്കിലും ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് അനുസരിച്ച് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഷി ജിൻപിങും പറയുന്നു.
തർക്കങ്ങൾ പരിഹരിച്ച് യുഎസ് – ചൈന വ്യാപാര കരാറിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും വിപണി പ്രതീക്ഷിക്കുന്നു. ഇറാൻ യുദ്ധത്തോടെ അടഞ്ഞ ഹോർമുസ് കടലിടുക്കിലൂടെ ചരക്കുനീക്കം പുനസ്ഥാപിക്കുന്നതിന് ഇരുനേതാക്കളും മുൻകൈ എടുക്കുമോയെന്നാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അങ്ങനെ എന്തെങ്കിലും പ്രഖ്യാപനമുണ്ടായാൽ രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ കുതിക്കും. ക്രൂഡോയിൽ വില താഴും. സ്വർണവിലയും ഉയരാൻ സാധ്യതയുണ്ട്.

