വാഷിംഗ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷത്തിന് അമേരിക്കയ്ക്ക് യഥാർത്ഥത്തിൽ എത്ര തുക ചെലവാകുമെന്നതിനെ ചൊല്ലി തർക്കം മുറുകുന്നു. യുദ്ധച്ചെലവ് 29 ബില്യൺ ഡോളർ (ഏകദേശം 2.77 ലക്ഷം കോടി രൂപ) കവിയുമെന്ന് യുഎസ് പ്രതിരോധ ആസ്ഥാനമായ പെൻ്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുൻപ് യുഎസ് കോൺഗ്രസിന് സമർപ്പിച്ച 25 ബില്യൺ ഡോളറിൻ്റെ കണക്കിൽ നിന്നാണ് പെൻ്റഗൺ ഇപ്പോൾ തുക ഉയർത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള തുക ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നതിനാലാണ് മുൻ കണക്കുകൾ കുറഞ്ഞുപോയതെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു.
സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, പുതിയവ വാങ്ങൽ, ദൈനംദിന പ്രവർത്തനച്ചെലവുകൾ എന്നിവ ചേർത്താണ് പുതിയ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, ഔദ്യോഗിക കണക്കുകൾ വെറും ‘കണ്ണിൽ പൊടിയിടൽ’ മാത്രമാണെന്നും യാഥാർത്ഥ്യത്തിൽ ഈ യുദ്ധം അമേരിക്കൻ നികുതിദായകർക്ക് കുറഞ്ഞത് 1 ട്രില്യൺ ഡോളറിൻ്റെ (ഏകദേശം 95.57 ലക്ഷം കോടി രൂപ) എങ്കിലും ബാധ്യത വരുത്തിവെക്കുമെന്നും പ്രമുഖ യുദ്ധ ബജറ്റ് വിദഗ്ദ്ധയും ഹാർവാർഡ് കെന്നഡി സ്കൂളിലെ പബ്ലിക് പോളിസി പ്രൊഫസറുമായ ലിൻഡ ബ്ലിംസ് വ്യക്തമാക്കുന്നു.
ചരിത്രപരമായി യുദ്ധങ്ങളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ അതിൻ്റെ ചെലവുകളെയും സമയത്തെയും കുറിച്ച് അമിത ശുഭപ്രതീക്ഷ പുലർത്താറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. മുൻപ് ഇറാഖ് യുദ്ധത്തിന് 200 ബില്യൺ ഡോളർ (ഏകദേശം 19.11 ലക്ഷം കോടി രൂപ) ചെലവ് വരുമെന്ന് പ്രവചിച്ച സാമ്പത്തിക ഉപദേശകനെ അന്നത്തെ പ്രസിഡൻ്റ് ജോർജ്ജ് ബുഷ് പുറത്താക്കിയിരുന്നുവെങ്കിലും, ഒടുവിൽ ആ യുദ്ധം അവസാനിച്ചപ്പോൾ അമേരിക്കയ്ക്ക് ചിലവായത് 5 ട്രില്യൺ ഡോളറായിരുന്നു എന്ന യാഥാർത്ഥ്യവും അവർ ഓർമ്മിപ്പിച്ചു.
യുദ്ധച്ചെലവുകളെ ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. മിസൈലുകൾ, ബോംബുകൾ എന്നിവയുടെ അടിയന്തിര സംഭരണം, യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും പരിപാലനം, സൈനികരുടെ പ്രത്യേക അലവൻസുകൾ എന്നിവയാണ് പ്രധാന ഹ്രസ്വകാല ചെലവുകൾ. നിലവിൽ സ്റ്റോക്കിലുള്ള ഒരു ടോമാഹോക്ക് മിസൈലിൻ്റെ മൂല്യം 2 മില്യൺ ഡോളറാണെങ്കിലും, അത് യുദ്ധത്തിൽ ഉപയോഗിച്ച ശേഷം പുതിയ ഒരെണ്ണം വാങ്ങി പകരം വെക്കണമെങ്കിൽ വിപണിയിൽ ഇപ്പോൾ 3.5 മില്യൺ ഡോളർ വരെ നൽകേണ്ടി വരും. കൂടാതെ, വരും വർഷങ്ങളിൽ തകർന്ന സൈനിക താവളങ്ങൾ പുനർനിർമ്മിക്കുക, അത്യാധുനിക ആയുധങ്ങൾ സംഭരിക്കുക, മേഖലയിൽ സേവനമനുഷ്ഠിക്കുന്ന 55,000-ത്തോളം യുഎസ് സൈനികരുടെ ആരോഗ്യ-പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നിവ വൻ ദീർഘകാല സാമ്പത്തിക ബാധ്യതയായി മാറും.
ഇതിനുപുറമെ, ഈ ആഗോള പ്രതിസന്ധി മൂലം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുമെന്ന് യുഎസ് ഊർജ്ജ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതോടെ അമേരിക്കയിലെ ആഭ്യന്തര വിപണിയിൽ ഇന്ധനവില ഗാലന് 5 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

