ബെയ്റൂട്ട് : ലെബനനിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 39 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ലെബനനിലെ സക്സാകിയെ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. എന്നാൽ ജീവഹാനി സംഭവിച്ചതും പരിക്ക് പറ്റിയതും സാധാരണ പൗരന്മാർക്കാണെന്നും സൈന്യം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിന് ശേഷവും ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ ലെബനനിൽ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെയാണ് ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
നബാത്തിയയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന ഒരു സിറിയൻ പൗരനെയും 12 വയസ്സുള്ള മകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായും ലെബനൻ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ആദ്യ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്നും പിതാവ് കൊല്ലപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
ഇതിനിടെ, ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായും അതിൽ മൂന്ന് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 120-ലധികം പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.അതേസമയം, അതിർത്തി പ്രദേശങ്ങളിലെ ചില ലെബനൻ ഗ്രാമങ്ങൾ ഇസ്രായേൽ സൈന്യം തകർത്തതായും മനുഷ്യാവകാശ സംഘടനകൾ ഇത് യുദ്ധക്കുറ്റങ്ങളുടെ പരിധിയിൽ വരാമെന്നും ആരോപിച്ചു. 2024 നവംബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നുവെങ്കിലും തുടർന്ന് ഇരുപക്ഷവും പരസ്പരം ആക്രമണം തുടരുകയാണ്. മാർച്ച് 2 മുതൽ ലെബനനിൽ 2,795 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

