Wednesday, July 1, 2026
HomeNewsജൂലൈ ഒന്നു മുതൽ ദുബായ് പുതിയ പ്രഖ്യാപനങ്ങളിലേക്ക്: അറിയാം പുതിയ മാറ്റങ്ങൾ

ജൂലൈ ഒന്നു മുതൽ ദുബായ് പുതിയ പ്രഖ്യാപനങ്ങളിലേക്ക്: അറിയാം പുതിയ മാറ്റങ്ങൾ

ദുബായ് : പുതിയ മാസത്തിലേക്ക് ചുവടുവെക്കുമ്പോൾ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒട്ടേറെ പ്രധാന മാറ്റങ്ങളും പ്രഖ്യാപനങ്ങളുമാണ്. സ്കൂളുകളിലെ വേനലവധി മുതൽ പൊതു പാർക്കിങ് സമയത്തിലെ മാറ്റങ്ങളും കാത്തിരുന്ന പുതിയ യാത്രാ സൗകര്യങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു. യുഎഇയിൽ ഈ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ അറിയാം.

വിദ്യാലയങ്ങൾക്ക് വേനലവധി : യുഎഇയിലെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ വേനലവധിക്ക് തുടക്കമാവുകയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ അനുസരിച്ച് ജൂലൈ മൂന്ന് മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്. ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ ആറ് മുതലാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീളുന്ന വലിയൊരു അവധിക്കാലത്തിന് ശേഷമായിരിക്കും കുട്ടികൾ വീണ്ടും ക്ലാസുകളിലേക്ക് മടങ്ങിയെത്തുക. അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ഒാഗസ്റ്റ് 31ന് ഔദ്യോഗികമായി ആരംഭിക്കും.

ഷാർജയിലെ പാർക്കിംഗ് : ഷാർജയിലെ പൊതു പാർക്കിങ് സമയത്തിൽ നഗരസഭ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതൽ ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും അർധരാത്രി വരെ ഫീസ് ഈടാക്കും. മുൻപ് മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകളിൽ കുറഞ്ഞ സമയം മാത്രമായിരുന്നു ഫീസ് ഉണ്ടായിരുന്നതെങ്കിൽ, ഇനി മുതൽ നീല ബോർഡുകളുള്ള മേഖലകൾക്ക് സമാനമായി എല്ലാ സ്ഥലങ്ങളിലും ഒരേ സമയം നിലവിൽ വരും.

ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് യാഥാർഥ്യത്തിലേക്ക് : യൂഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കാത്തിരുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ട പ്രാരംഭ സർവീസുകൾക്ക് തുടക്കമായി. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ ദൂരം പിന്നിടും. പ്രഖ്യാപനം വന്നയുടൻ തന്നെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നിരുന്നു. ഈ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30ന് നടക്കും. ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ സെപ്റ്റംബർ 30നും അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ ഡിസംബർ 30നും തുറക്കും. അടുത്ത വർഷം മാർച്ചോടെ ഷാർജ സ്റ്റേഷനിലും സർവീസ് എത്തും.

ദുബായ് സമ്മർ സർപ്രൈസസ് തിരിച്ചെത്തുന്നു : ഷോപ്പിങ് പ്രേമികൾക്ക് ആവേശമായി ദുബായ് സമ്മർ സർപ്രൈസസ് മേളയ്ക്ക് തുടക്കമാകുന്നു. നാളെ(രണ്ട്) മുതൽ ഒാഗസ്റ്റ് മുപ്പത് വരെ നീളുന്ന അറുപത് ദിവസത്തെ ഈ ഉത്സവത്തിൽ വൻ വിലക്കിഴിവുകളും കലാപരിപാടികളും ആകർഷകമായ സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 50 ദശലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന പന്ത്രണ്ട് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, കിലോഗ്രാം കണക്കിന് സ്വർണം, വൻ തുകകളുടെ പണസമ്മാനങ്ങൾ എന്നിവയാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഭക്ഷണപ്രിയർക്കായി പ്രത്യേക നിരക്കിൽ വിഭവങ്ങൾ ഒരുക്കുന്ന റസ്റ്ററന്റ് വാരവും ഇതിന്റെ ഭാഗമായി നടക്കും.

ബിസിനസ് മേഖലയിൽ പുതിയ ഡിജിറ്റൽ സംവിധാനം : യുഎഇയുടെ നികുതി സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ടം ഈ മാസം ഒന്നിന് ആരംഭിച്ചു. പ്രതിവർഷം 50 ദശലക്ഷത്തിലധികം ദിർഹം വരുമാനമുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് മറ്റ് ഘട്ടങ്ങളിലൂടെ കടന്ന് വരും വർഷങ്ങളിൽ ഇത് എല്ലാ മേഖലകളിലും പൂർണമായും നിർബന്ധമാക്കും.

ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് സേവന കേന്ദ്രം : യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വീസ, കോൺസുലർ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ചുമതല ഈ മാസം ഒന്ന് മുതൽ പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കൈമാറി. മുൻപുണ്ടായിരുന്ന ഏജൻസികളുടെ കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി 16 പ്രത്യേക കേന്ദ്രങ്ങളാണ് പുതിയ ഏജൻസി ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഫുജൈറ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇതിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments