കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും ഇപ്പോള്‍ വന്ന ഫലം തെരഞ്ഞെടുപ്പ് പ്രക്രിയയെ കൊള്ളയടിച്ച് നേടിയതാണെന്നും മമത ആരോപിച്ചു.
‘ഞാന്‍ തോറ്റിട്ടില്ല. അതിനാല്‍ രാജ്ഭവനില്‍ പോയി രാജി നല്‍കാന്‍ തയാറല്ല. ഇങ്ങനെയല്ല ജനാധിപത്യ പ്രക്രിയ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഒരു തെറ്റായ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത്. വൃത്തികെട്ട കളികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളിച്ചത്. തൃണമൂലിന്റെ യഥാര്‍ഥ എതിരാളി ബിജെപി ആയിരുന്നില്ല, തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു’ -മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

