നിയമസഭാ തിരഞ്ഞെടുപ്പിലെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു. പ്രത്യേക ദൂതന്‍വഴി രാജിക്കത്ത് ലോക്ഭവനില്‍ എത്തിച്ചു. രാജി ഗവര്‍ണര്‍ സ്വീകരിച്ചു. കാവല്‍ മുഖ്യമന്ത്രിയായി തുടരും. ഗവര്‍ണറുമായി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു പിണറായി വിജയന്‍ എന്ന സി.പി.എം സമുന്നതന്‍റെ പൊതുജീവിതത്തിലെ സംഭവബഹുലമായ ഒരു ഘട്ടത്തിന്റെ അവസാനം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. മുന്‍വിധികളെ മാറ്റിമറിച്ച് ജനകീയത നേടിയ ആദ്യഭരണകാലവും ആ ജനകീയതയുടെ നിഴലില്‍ തിരുത്തലുകള്‍ ഇല്ലാതെപോയ രണ്ടാംപകുതിയും പലതുകൊണ്ടും പിണറായിക്കും പാര്‍ട്ടിക്കും പാഠപുസ്തകമാണ്.
ഭരണവും തുടര്‍ഭരണവും മേനിപറച്ചിലിനുള്ള ഉപാധിയായിരുന്നില്ല പിണറായി വിജയന്. വിളിച്ചു പറഞ്ഞതത്രയും ഇടതുഭരണങ്ങള്‍ കേരളത്തിന്‍റെ മുഖഛായ മാറ്റിമറിച്ചതിന്‍റെ ചരിത്രസാക്ഷ്യങ്ങളായിരുന്നു. ചെയ്തുകാട്ടിയത് അസംഭവ്യമെന്ന് വിധിയെഴുതിയ പലതുമായിരുന്നു. പത്താണ്ടിപ്പുറത്തെ കൊല്ലപ്പരീക്ഷയ്ക്ക് ജയിക്കാന്‍ രണ്ട് ഭരണകാലങ്ങളിലുമായി വാരിവിതറിയ ക്ഷേമവും കെട്ടിഉയര്‍ത്തിയ നേട്ടങ്ങളും ധാരാളം മതിയെന്ന് കരുതിയത് ഒരുതവണ ജനം ചേര്‍ത്തുപിടിച്ചതിന്‍റെ അനുഭവം കൊണ്ടായിരുന്നു. ആ നേട്ടങ്ങള്‍ ഏഴുതിവച്ച ഫലകങ്ങള്‍ മേലങ്കിപോലെ അണിഞ്ഞ് സര്‍ക്കാര്‍ ബസുകള്‍ തലങ്ങും വിലങ്ങും പാഞ്ഞതതും പരസ്യപ്പലകകള്‍ ആകാശംമുട്ടെ ഉയര്‍ന്നുനിന്നതും മറക്കാറായിട്ടില്ല. അഗ്നിപരീക്ഷകള്‍ ഒരുപാട് താണ്ടിയിട്ടുണ്ട് പിണറായി വിജയന്‍. അധികാരത്തിലിരുന്നപ്പോളും മുന്‍പും. ഓരോ പത്മവ്യൂഹം ഭേദിച്ച് പുറത്തുവരുമ്പോഴും അനുഭവങ്ങളുടെ ഉള്‍ക്കരുത്ത് ആത്മവിശ്വാസവും ദൃഢനിശ്ചയവുമായി ഒപ്പം കൂട്ടിയിട്ടുമുണ്ട്

