ഫ്ലോറിഡ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലോറിഡയിലെ ഡോറൽ നാഷണൽ ഗോൾഫ് ക്ലബ്ബിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് അകത്തുകയറാൻ ശ്രമിച്ചയാളെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശിക സമയം, ശനിയാഴ്ച വൈകുന്നേരം 4:15-ഓടെയാണ് സംഭവം.
പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറുകൾ അപായസൂചന നൽകിയതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. തുടർന്ന് പരിശോധനകളോട് സഹകരിക്കാതെ ബഹളമുണ്ടാക്കിയ ഇയാൾ സീക്രട്ട് സർവീസ് ഏജൻ്റിനെ കായികമായി നേരിടാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി കൈവിലങ്ങ് അണിയിച്ചു. സംഭവം നടക്കുമ്പോൾ ഡോണൾഡ് ട്രംപ് ക്ലബ്ബിൽ ഉണ്ടായിരുന്നില്ല.
വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് ഡിന്നറിനിടെ നടന്ന വെടിവയ്പ്പിന് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പിടിയിലായ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിലെ സുരക്ഷാ ക്രമീകരണങ്ങളെ ഈ സംഭവം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന സന്ദർശനങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും സീക്രട്ട് സർവീസ് അറിയിച്ചു. ഡോറൽ പൊലീസും സീക്രട്ട് സർവീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

