Sunday, May 3, 2026
HomeNewsലാൻഡ് ചെയ്ത ശേഷം വിമാനത്തിന്റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ പുറത്തേക്ക്...

ലാൻഡ് ചെയ്ത ശേഷം വിമാനത്തിന്റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി

ചെന്നൈ : ഷാർജയില്‍ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തില്‍ ഇന്ന് പുലർച്ചെ നാടകീയ രംഗങ്ങള്‍. വിമാനം ലാൻഡ് ചെയ്ത ശേഷം ടാക്സി വേയിലൂടെ സാവധാനം നീങ്ങുന്നതിനിടെ അടിയന്തര വാതില്‍ തുറന്ന് ഒരു യാത്രക്കാരൻ പുറത്തേക്ക് ചാടുകയായിരുന്നു.

വിമാനം റണ്‍വേയില്‍ നിന്നും മാറി പാർക്കിംഗ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സംഭവമുണ്ടായത്. വിമാനം പൂർണമായും നിശ്ചലമാകുന്നതിന് മുൻപായിരുന്നു യാത്രക്കാരന്റെ സാഹസം. ഉടൻ തന്നെ പൈലറ്റ് വിവരം ഗ്രൗണ്ട് സെക്യൂരിറ്റിയെ അറിയിക്കുകയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയും ചെയ്തു.

യാത്രയ്ക്കിടെ ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. വിമാനത്തിനുള്ളില്‍ ഇയാള്‍ രണ്ട് തവണ ഛർദ്ദിച്ചിരുന്നു. ഛർദ്ദിക്കാനുള്ള അസ്വസ്ഥത കൂടിയതിനെത്തുടർന്നാണ് വെപ്രാളത്തില്‍ വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയതെന്നാണ് പ്രാഥമിക നിഗമനം.അനിഷ്ട സംഭവത്തെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ പുലർച്ചെ 03:23 മുതല്‍ 04:23 വരെ അടച്ചിട്ടു. ഈ സമയത്തു വന്ന വിമാനങ്ങള്‍ സെക്കൻഡറി റണ്‍വേയിലേക്കാണ് തിരിച്ചുവിട്ടത്. വിമാനത്തിനോ മറ്റ് യാത്രക്കാർക്കോ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

തമിഴ്നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണ് ഇയാളെന്നാണ് അനൗദ്യോഗിക വിവരം. വ്യോമയാന സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരനെ വിശദമായ ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കുമായി കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments