ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഇറാന്റെ യുറേനിയം ശേഖരം യുഎസ് ആക്രമണത്തിന് ശേഷം എവിടെപ്പോയി? ഉപഗ്രഹങ്ങൾക്കും രാജ്യാന്തര ഏജൻസികൾക്കും പിടികൊടുക്കാത്ത ആ ‘ആണവ നിഗൂഢത’ ഇപ്പോഴും തുടരുകയാണ്.
രണ്ടു മാസങ്ങൾക്ക് മുൻപ്, ഇസ്ഫഹാനിലെ കുന്നിൻചെരുവുകളിൽ യുഎസ് മിസൈലുകൾ വന്നുപതിക്കുമ്പോൾ ലോകം കരുതിയത് ഇറാന്റെ ആണവ സ്വപ്നങ്ങൾക്ക് അവിടെ അന്ത്യമാകുമെന്നാണ്. എന്നാൽ പുകയടങ്ങിയപ്പോൾ പുറത്തുവരുന്നത് മറ്റൊരു ചോദ്യമാണ്, എവിടെപ്പോയി ആ 11 ടൺ യുറേനിയം? ഡോണൾഡ് ട്രംപ് 2018ൽ ആണവ കരാറിൽ നിന്ന് പിന്മാറിയ ശേഷം ഇറാൻ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത, ഏകദേശം 22,000 പൗണ്ട് ഭാരം വരുന്ന ആ വമ്പൻ ശേഖരം ഇന്ന് എവിടെയാണെന്ന കാര്യത്തിൽ ലോകശക്തികൾക്ക് പോലും കൃത്യമായ ഉത്തരമില്ല.
യുറേനിയം എന്നത് ഒരു ‘ഡ്യുവൽ യൂസ്’ പദാർഥമാണ്. കുറഞ്ഞ അളവിൽ ശുദ്ധീകരിച്ചാൽ അത് നഗരങ്ങൾക്ക് വെളിച്ചം നൽകുന്ന ആണവ നിലയങ്ങളിൽ ഇന്ധനമാക്കാം. എന്നാൽ ശുദ്ധീകരണ പ്രക്രിയ 90 ശതമാനത്തിന് മുകളിലെത്തിയാൽ അതൊരു വിനാശകാരിയായ ആയുധമായി മാറുന്നു. ഇവിടെയാണ് ഭയപ്പെടുത്തുന്ന ഒരു ശാസ്ത്രസത്യമുള്ളത്. സാധാരണ യുറേനിയത്തെ 20 ശതമാനം ശുദ്ധീകരിക്കാനാണ് ഏറ്റവും കൂടുതൽ സമയവും അധ്വാനവും വേണ്ടിവരുന്നത്. ഒരിക്കൽ 20 ശതമാനത്തിൽ എത്തിയാൽ, അവിടെ നിന്ന് ആയുധമുണ്ടാക്കാൻ വേണ്ട 90 ശതമാനത്തിലേക്ക് എത്തുക എന്നത് വളരെ എളുപ്പമാണ്. അതായത്, ബോംബ് നിർമാണത്തിന് ആവശ്യമായ ദൂരത്തിന്റെ 80 ശതമാനവും ഇറാൻ പിന്നിട്ടു കഴിഞ്ഞു എന്നർഥം.
2006ൽ ഇറാൻ വ്യാവസായിക അടിസ്ഥാനത്തിൽ യുറേനിയം ശുദ്ധീകരണം ആരംഭിച്ചപ്പോൾ തന്നെ ലോകം നെറ്റിചുളിച്ചിരുന്നു. 2010ൽ അവർ 20 ശതമാനം ശുദ്ധീകരണത്തിലേക്ക് കടന്നതോടെ ബരാക് ഒബാമയുടെ നേതൃത്വത്തിൽ ഇറാനുമായി ഒരു ചരിത്ര കരാറിൽ (ജെസിപിഒഎ) ഏർപ്പെട്ടു. ശുദ്ധീകരണം 3.67 ശതമാനത്തിൽ പരിമിതപ്പെടുത്തണം എന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇറാന്റെ പക്കലുണ്ടായിരുന്ന 12.5 ടൺ യുറേനിയം രാജ്യം വിട്ടു കടത്തണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ 2018ൽ ട്രംപ് കരാറിൽ നിന്ന് പിന്മാറുമ്പോൾ ഇറാന്റെ പക്കൽ ഒരു ബോംബ് നിർമിക്കാൻ പോലും ആവശ്യമായ യുറേനിയം ഉണ്ടായിരുന്നില്ല. എന്നാൽ ട്രംപ് ഉപരോധങ്ങൾ പുനഃസ്ഥാപിച്ചതോടെ ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ അതിവേഗം പുനരാരംഭിച്ചു. 2021ഓടെ അവർ വീണ്ടും 20 ശതമാനം ശുദ്ധീകരണത്തിലേക്ക് തിരിച്ചെത്തി.
ജോ ബൈഡന്റെ ഭരണകാലത്ത് കരാർ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അവ പരാജയപ്പെട്ടു. 2025ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഇറാൻ ശുദ്ധീകരണ പ്രക്രിയ 60 ശതമാനം വരെ ഉയർത്തി–ഇത് ആയുധമുണ്ടാക്കാൻ ആവശ്യമായ നിലവാരത്തിന് തൊട്ടടുത്താണ്. തുടർന്നുണ്ടായ 12 ദിവസത്തെ യുദ്ധത്തിൽ, ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ നടാൻസ്, ഫോർഡോ, ഇസ്ഫഹാനിലെ ഭൂഗർഭ തുരങ്കങ്ങൾ എന്നിവയ്ക്ക് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി രാജ്യാന്തര ആണവോർജ ഏജൻസിയുമായുള്ള എല്ലാ സഹകരണവും ഇറാൻ അവസാനിപ്പിച്ചു. അതോടെ, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാനുള്ള ലോകത്തിന്റെ ഏക ജാലകവും അടഞ്ഞു.
യുഎസ് ആക്രമണത്തിന് ശേഷം ഇറാന്റെ പക്കലുണ്ടായിരുന്ന 11 ടൺ യുറേനിയത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് മൂന്ന് പ്രധാന സാധ്യതകളാണ് നിരീക്ഷകർ പങ്കുവെക്കുന്നത്.
1. ശിഥിലമായ ശേഖരം: മിസൈൽ ആക്രമണത്തിൽ യുറേനിയം സൂക്ഷിച്ച ടണലുകൾ തകരുകയും, അവ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. റേഡിയോ ആക്ടീവ് പദാർഥമായതിനാൽ ഇത് വീണ്ടെടുക്കുക എന്നത് ഇറാനെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്.
2. രഹസ്യ നീക്കം: ആക്രമണത്തിന് തൊട്ടുമുൻപോ അതിനിടയിലോ ഇറാൻ ഈ ശേഖരം മറ്റ് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കാണും.
3. ഭൂഗർഭ ലാബുകൾ: ഇസ്ഫഹാനിലെ മലനിരകൾക്കുള്ളിൽ ഇറാന് അതീവ രഹസ്യമായ മറ്റൊരു ശുദ്ധീകരണ കേന്ദ്രമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഉപഗ്രഹങ്ങൾക്ക് പോലും കണ്ടെത്താൻ കഴിയാത്തവിധം ആഴത്തിലുള്ള ഈ തുരങ്കങ്ങളിൽ അവർ യുറേനിയം ഒളിപ്പിച്ചിട്ടുണ്ടാകാം.
ഇറാൻ യുറേനിയം തിരികെ കൈക്കലാക്കിയാലും ഒരു ആണവ യുദ്ധമുന നിർമിക്കാൻ മാസങ്ങളോ ഒരു വർഷമോ എടുത്തേക്കാം. എന്നാൽ രാജ്യാന്തര മേൽനോട്ടം ഇല്ലാത്ത അവസ്ഥയിൽ, അവർ രഹസ്യമായി 90 ശതമാനം ശുദ്ധീകരണം പൂർത്തിയാക്കിയാൽ അത് ലോകത്തിന് തടയാനാവില്ല. നിലവിൽ ആ ശേഖരം നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും, ഇറാന്റെ പക്കൽ ഇപ്പോഴും ആയുധ നിർമാണത്തിനുള്ള വൈദഗ്ധ്യം ശേഷിക്കുന്നുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

