വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിവയ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞു. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഇയാളെ പിടികൂടുന്നതിന്റെ ചിത്രങ്ങൾ നേരത്തെ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടിരുന്നു. കലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലൻ അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല.
ലിങ്ഡ് ഇൻ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മെക്കാനിക്കൽ എൻജിനിയർ, കംപ്യൂട്ടർ സയന്റിസ്റ്റ്, ഗെയിം ഡെവലപ്പർ, പാർട്‌ടൈം അധ്യാപകൻ എന്നൊക്കെയാണ് അലൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് ഇയാൾ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയത്. പിന്നീട് കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി.
കാൽടെക്കിൽ അധ്യാപകനായും മറ്റൊരു സ്ഥാപനത്തിൽ മെക്കാനിക്കൽ എൻജിനയറായും പ്രവർത്തിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലെ പ്രൊഫൈലിൽ പറയുന്നു. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിലെ അണ്ടർഗ്രാജ്വേറ്റ് റിസർച്ച് ഫെല്ലോഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 2014ൽ ആയിരുന്നു ഇത്.
കൂടാതെ, ബോർഡം, ഫസ്റ്റ് ലോ തുടങ്ങിയ ഗെയിമുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. 2014ൽ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇയാൾ സംഭാവന നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, കോൾ അലനെതിരെ തോക്ക് ഉപയോഗിച്ച് ആക്രമണമുണ്ടാക്കിയതിനും പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചതിനും കേസെടുക്കമെന്ന് കൊളംബിയയിലെ യുഎസ് അറ്റോർണി ജീനെൻ പിറോ പറഞ്ഞു. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

