ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനം ടേക്ക് ഓഫിനിടെ എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ഞായറാഴ്ച പുലർച്ചയുണ്ടായ സംഭവത്തിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിനിടെ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ച 1.08ഓടെ ഡൽഹിയിൽനിന്ന് സൂറിച്ചിലേക്ക് പുറപ്പെടേണ്ട ‘എൽ എക്സ് 147’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിലൂടെ കുതിക്കുന്നതിനിടെ ഒരു എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കുകയായിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ എമർജൻസി സ്ലൈഡുകൾ വഴി പുറത്തിറക്കി. ഈ ഘട്ടത്തിലാണ് യാത്രക്കാർക്ക് പരിക്കേറ്റത്. 4 കുട്ടികളടക്കം 228 യാത്രക്കാരും ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിഷയം ഗൗരവമായി കാണുന്നുവെന്നും അന്വേഷണത്തിനായി സാങ്കേതിക വിദഗ്ധർ സ്വിറ്റ്‌സർലൻഡിൽനിന്ന് ഡൽഹിയിലെത്തുമെന്നും സ്വിസ് എയർ അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കിയിട്ടുണ്ട്. സ്ലൈഡുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ചുരുക്കം ചില യാത്രക്കാർക്കായി പിന്നീട് ലാഡറുകൾ ക്രമീകരിച്ചതായും കമ്പനി വ്യക്തമാക്കി.
യാത്രക്കാർക്ക് താമസം ഉറപ്പാക്കാനും ബദൽ യാത്ര സൗകര്യങ്ങൾ ഒരുക്കാനുമായി ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

