സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 78.27 ശതമാനം പേർ വോട്ടു ചെയ്തു. 2021നെ മറികടക്കുന്ന വോട്ടിങ്ങ് ശതമാനമാണിത്. 81.35 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയാണ് വോട്ടുകണക്കിൽ മുന്നിൽ. പാലക്കാട് 80.57%, എറണാകുളം 79.89 ശതമാനം എന്നിങ്ങനെയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. 70.76 എന്ന ശതമാനക്കണക്കുമായി പത്തനംതിട്ടയാണ് പിന്നിൽ. 84 ശതമാനം വോട്ട് വീതം രേഖപ്പെടുത്തിയ കുന്നത്തുനാടും ചിറ്റൂരുമാണ് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിൽ. അന്തിമ വോട്ടു കണക്ക് ഇന്ന് ലഭ്യമാകുമ്പോള്‍ പോളിങ് സംബന്ധിച്ച വ്യക്തമായ ചിത്രം കിട്ടും.
85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് സിപിഎം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സിപിഎം പ്രാഥമികമായി നടത്തിയിട്ടുള്ളത്. മുന്നണിയുടെ വിജയസാധ്യത പരിശോധിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഞായറാഴ്ച ചേരും. താഴെത്തട്ടില്‍ നിന്നും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വരൂപിച്ച നല്‍കിയ കണക്കാണ് നേതൃത്വം പരിശോധിക്കുക

