Saturday, March 28, 2026
HomeAmericaട്രംപിന്റെ എട്ടുമാസം നീളുന്ന ഗസ്സ പദ്ധതിയുടെ സുപ്രധാന വിവരങ്ങൾ പുറത്ത്

ട്രംപിന്റെ എട്ടുമാസം നീളുന്ന ഗസ്സ പദ്ധതിയുടെ സുപ്രധാന വിവരങ്ങൾ പുറത്ത്

വാഷിങ്ടൺ : ഇസ്രായേൽ വംശഹത്യയിൽ തകർന്ന ഗസ്സയുടെ പുനർനിർമാണത്തിനും തുടർ ഭരണത്തിനും നേതൃത്വം നൽകാനെന്ന അവകാശ​​വാദമുന്നയിച്ച് ഡോണൾഡ് ട്രംപ് രൂപീകരിച്ച ഗസ്സ ബോർഡ് ഓഫ് പീസിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. ഗസ്സയിലെ ഹമാസ് ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധരാക്കുന്നതിനായി ബോർഡ് ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവ് തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.

ഒക്ടോബറിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ഈ പദ്ധതി എട്ടുമാസം നീണ്ടുനിൽക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയാണ് നടപ്പിലാക്കുക. ഗസ്സയിൽ നിന്ന് ഇസ്രായേൽ സൈന്യം ഘട്ടംഘട്ടമായി പിന്മാറുന്നതിന് പകരമായി ഫലസ്തീനിലെ സായുധ ഗ്രൂപ്പുകൾ ആയുധം ഉപേക്ഷിക്കണമെന്നാണ് പദ്ധതിയിലെ പ്രധാന നിർദേശം.പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ : ഒന്നാം ഘട്ടം (ആദ്യ 2 ആഴ്ച): ഇസ്രായേലും ഹമാസും സൈനിക നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണം. ഗസ്സയുടെ ഭരണചുമതല ഫലസ്തീൻ നാഷണൽ കമ്മിറ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കും.

രണ്ടാം ഘട്ടം (16 മുതൽ 60 ദിവസം വരെ): നിരായുധീകരണത്തിന്റെ തുടക്കം. ഹമാസും മറ്റ് ഗ്രൂപ്പുകളും തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ നീക്കം ചെയ്യണം.

മൂന്നാം ഘട്ടം (90 ദിവസത്തിനുള്ളിൽ): ഗസ്സയിലെ തുരങ്ക ശൃംഖലകൾ ഹമാസ് പൂർണ്ണമായും നശിപ്പിക്കണം. ഇതിന് പകരമായി ഗസ്സയുടെ പുനർനിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കാൻ ഇസ്രായേൽ അനുമതി നൽകണം.

അവസാന ഘട്ടം (251 ദിവസത്തിനുള്ളിൽ): ആയുധങ്ങൾ പൂർണ്ണമായും പിടിച്ചെടുക്കുന്നതോടെ ഇസ്രായേൽ സൈന്യം ഗസ്സയുടെ അതിർത്തികളിലേക്ക് പിന്മാറും. ഗസ്സയിലേക്കുള്ള എണ്ണ, സിമന്റ്, സ്റ്റീൽ തുടങ്ങിയവയുടെ നിയന്ത്രണം ഇസ്രായേൽ നീക്കും.

“ഒരു അധികാരം, ഒരു നിയമം, ഒരു ആയുധം” എന്ന തത്വത്തിലാണ് മ്ലാഡെനോവ് പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇസ്രായേൽ അധിനിവേശം തുടരുന്നിടത്തോളം ആയുധം താഴെ വെക്കില്ലെന്ന നിലപാടിലാണ് ഹമാസ്. നിരായുധീകരണം ഫലസ്തീന്റെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും നേരത്തേ ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് ഹമാസിന്റെ രാഷ്ട്രീയ കീഴടങ്ങലാണെന്ന് ഫലസ്തീൻ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. അമേരിക്കയുടെ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും അത് ലംഘിച്ച് കൊണ്ട് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതും മാനുഷിക സഹായങ്ങൾ തടയുന്നതും വ്യാപകമാണ്. നിരവധി തവണ കരാറുകൾ ലംഘിച്ച സാഹചര്യത്തിൽ ഇസ്രായേൽ പുതിയ വ്യവസ്ഥകൾ പാലിക്കുമോ എന്ന കാര്യത്തിൽ ഫലസ്തീൻ ഗ്രൂപ്പുകൾക്ക് കടുത്ത സംശയമുണ്ട്.അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രൂപീകരിച്ച ബോർഡ് ഓഫ് പീസിനാണ് നിലവിൽ ഗസ്സയുടെ മേൽനോട്ട ചുമതല. പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഗസ്സയിൽ ശാശ്വത സമാധാനം കൊണ്ടുവരാനാകുമെന്നാണ് ഐക്യരാഷ്ട്രസഭയിൽ മ്ലാഡെനോവ് പ്രത്യാശ പ്രകടിപ്പിച്ചത്. സമാധാന ബോർഡിൽ അമേരിക്കക്കൊപ്പം നിരവധി രാജ്യങ്ങളും പങ്കുചേർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments