ടെഹ്‌റാൻ : യുഎസ് സൈനികർക്ക് താമസസൗകര്യം നൽകുന്ന മിഡിൽ ഈസ്റ്റിലെ ഹോട്ടലുകൾക്കും മറ്റ് സിവിലിയൻ സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായേക്കാമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. യുഎസ് സൈനികരെ പാർപ്പിക്കുന്ന ഹോട്ടലുകളെ “നിയമപരമായ സൈനിക ലക്ഷ്യങ്ങളായി” കണക്കാക്കുമെന്നാണ് ഇറാൻ്റെ ഭീഷണി.ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുഎഇ, ബഹ്‌റൈൻ എന്നിവയ്ക്ക് പുറമെ സിറിയ, ലെബനൻ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലും യുഎസ് സൈനികർക്കായി സിവിലിയൻ താമസസ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇവയെല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഇറാൻ അവകാശപ്പെടുന്നു.യുഎസ് സൈനികർ ഗൾഫ് രാജ്യങ്ങളിലെ സുരക്ഷിതമായ സൈനിക താവളങ്ങളിൽ നിന്ന് മാറി ഹോട്ടലുകളിലും ഓഫീസുകളിലും ഒളിച്ചിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. “യുദ്ധം തുടങ്ങിയത് മുതൽ യുഎസ് സൈനികർ ജിസിസി രാജ്യങ്ങളിലെ പൗരന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ഹോട്ടലുകൾ ഇവർക്ക് മുറികൾ നൽകുന്നത് നിർത്തണം,” അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു.
സൈനികർക്ക് അഭയം നൽകുന്ന സ്ഥാപനങ്ങൾ എവിടെയാണെങ്കിലും അവ ലക്ഷ്യം വെക്കുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇറാൻ്റെ ഈ ആരോപണങ്ങളോട് അമേരിക്കയോ ഗൾഫ് രാജ്യങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

