Saturday, March 21, 2026
HomeNewsഇനിയും മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയമില്ലാതെ എൽഡിഎഫും ബിജെപിയും: ആശങ്കയിൽ പ്രവർത്തകർ

ഇനിയും മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയമില്ലാതെ എൽഡിഎഫും ബിജെപിയും: ആശങ്കയിൽ പ്രവർത്തകർ

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയം മുന്നണികളിൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണെന്നിരിക്കെ എൽ.ഡി.എഫ് നാല് മണ്ഡലങ്ങളിലും എൻ.ഡി.എ ബാക്കി സീറ്റുകളിലും ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിത്തുടങ്ങിയ യു.ഡി.എഫ്. ആകട്ടെ മാരത്തൺ ചർച്ചകൾക്കുശേഷം എല്ലാ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

എൽ.ഡി.എഫ് നിരയിൽ നാല് മണ്ഡലങ്ങളിലാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയുടെ പേര് നിശ്ചയിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടതുണ്ട്. കാസർകോട് ഷാനവാസ് പാദൂരിനെ ഇടതു സ്വതന്ത്രരായി മത്സരിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. വള്ളിക്കുന്നിലും പ്രഖ്യാപനം കാത്തിരിക്കുകയാണ്.

എൻ.ഡി.എ.യ്ക്ക് എല്ലാ മണ്ഡലത്തിലെയും സ്ഥാനാർഥികളെ ഇതുവരെ നിർത്താനായിട്ടില്ല. ബി.ജെ.പി.യിൽ ഉൾപ്പെടെ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യമാണുള്ളത്. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തുവിട്ടു. ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് നിന്ന് വിട്ടുപോയ ആറ് ജനപ്രതിനിധികൾ എതിർപക്ഷത്ത് മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സി.സി. മുകുന്ദൻ, എസ്. രാജേന്ദ്രൻ, കെ. അജിത്ത് എന്നിവർ ബി.ജെ.പി ടിക്കറ്റിലും ജി. സുധാകരൻ, അയിഷ പോറ്റി, പി.കെ. ശശി എന്നിവർ യു.ഡി.എഫ് പക്ഷത്തുമാണ് പോരാട്ടത്തിനിറങ്ങുന്നത്. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ. സുരേഷ് ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയാണ്.

നിർണ്ണായക മത്സരത്തിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് എൽ.ഡി.എഫും, ഒരു പതിറ്റാണ്ടിൻ്റെ ഭരണമില്ലായ്മയ്ക്ക് വിരാമമിട്ട് തിരിച്ചുവരാൻ യു.ഡി.എഫും കടുത്ത പോരാട്ടത്തിലാണ്. നേമത്ത് നഷ്ടപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാനും നിയമസഭയിൽ അംഗബലം വർധിപ്പിക്കാനും ബി.ജെ.പിയും ഇറങ്ങുന്നതോടെ സംസ്ഥാനത്ത് ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments