വാഷിംഗ്ടൺ : ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ദൗത്യത്തിൽ അമേരിക്കയുമായി കൈകോർത്ത് യുണൈറ്റഡ് കിംഗ്ഡം. ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ പ്രത്യേക ബ്രിട്ടീഷ് സൈനിക സംഘം ഫ്ലോറിഡയിലെ യുഎസ് സെൻട്രൽ കമാൻഡിൽ (CENTCOM) എത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടലിടുക്ക് സുരക്ഷിതമായി തുറക്കുന്നതിനുള്ള വിവിധ മാർഗങ്ങളാണ് ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചേർന്ന് തയ്യാറാക്കുന്നത്. നിലവിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ ഭാഗമാകാൻ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മടിച്ചുനിൽക്കുകയാണ്. സംഘർഷം തണുത്ത ശേഷം മാത്രമേ സൈനിക സഹായങ്ങൾ നൽകുന്നതിനെക്കുറിച്ച് ഇവർ ആലോചിക്കൂ.മൈൻ (കുഴിബോംബുകൾ) കണ്ടെത്താനുള്ള സംവിധാനങ്ങൾ നൽകുന്ന കാര്യത്തിൽ ജപ്പാനും സഹകരിച്ചേക്കും.
എന്നാൽ തങ്ങളുടെ ഭരണഘടനാപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ നേരിട്ടുള്ള ആക്രമണങ്ങളിൽ പങ്കെടുക്കില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയം അദ്ദേഹം ഉടൻ തന്നെ പ്രസിഡൻ്റ് ട്രംപുമായി ചർച്ച ചെയ്യും.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

