തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. ഇതോടെ ബിജെപി ഇതുവരെ പ്രഖ്യാപിച്ച ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 86 ആയി.മുതിർന്ന നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്ന് ജനവിധി തേടും. റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണനെ കുണ്ടറയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പട്ടികയിലെ പ്രധാന സർപ്രൈസ്. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരിലും സി.സി. മുകുന്ദൻ നാട്ടികയിലും മത്സരിക്കും.
പറവൂർ മണ്ഡലത്തിൽ വത്സല പ്രസന്ന കുമാറാണ് സ്ഥാനാർത്ഥി.രണ്ടാം പട്ടികയിൽ നാല് വനിതകൾക്ക് ഇടം ലഭിച്ചിട്ടുണ്ട്. വത്സല പ്രസന്ന കുമാറിനെ കൂടാതെ അശ്വിനി എം.എൽ, പത്മശ്രീ എം, രേണു സുരേഷ് എന്നിവരാണ് പട്ടികയിലെ മറ്റ് വനിതാ സ്ഥാനാർത്ഥികൾ. നേരത്തെ പുറത്തിറക്കിയ ആദ്യ പട്ടികയിൽ 47 പേരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. വരും ദിവസങ്ങളിൽ ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകും.

