ലണ്ടൻ: ഫെബ്രുവരി അവസാനത്തിൽ ലോകത്തെ ഞെട്ടിച്ച് യു.എസും അമേരിക്കയും ചേർന്ന് നടത്തിയ വൻ ആക്രമണത്തിൽ ഇറാൻ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈ വധിക്കപ്പെട്ടപ്പോൾ ട്രംപിന്റെ ലീലാവിലാസങ്ങളെ എങ്ങനെ പിന്തുണക്കാതിരിക്കും എന്ന ആധിയിലായിരുന്നു ലോകം. അത്രക്ക് കണിശതയോടെയായിരുന്നു ഇറാനെ സ്തബ്ധമാക്കി പുലർച്ചെ നടന്ന ആക്രമണം. ഇറാൻ എന്ന സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിന് പുല്ലുവില കൽപിച്ച് നടത്തിയ ആക്രമണത്തിനെതിരെ അത്യപൂർവമായി ചിലർ ശബ്ദിച്ചതൊഴിച്ചാൽ ഒന്ന് വാതുറക്കാൻ പോലും രാഷ്ട്രങ്ങളോ സംഘടനകളോ ഉണ്ടായില്ല, ലോക സമാധാനത്തിനായി സ്ഥാപിച്ചവ പോലും. അതുകഴിഞ്ഞ് ഇറാനിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പിന്നെയും കനത്ത ബോംബിങ് നടന്നു.
എല്ലാം ട്രംപ് തീരുമാനിക്കുംപോലെയെന്നായിരുന്നു കാര്യങ്ങൾ. എന്നാലിന്ന് ട്രംപിനും ഇസ്രായേലിനും കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകുന്നില്ലെന്നാണ് പുതുവിശേഷങ്ങൾ. വ്യാപക നാശം വിതച്ച് ബോംബിങ്ങും കൂടുതൽ മേഖലകൾ പിടിച്ച് കരസേനാ നീക്കവും തുടരുമ്പോഴും ഭീതി നിഴലിക്കുന്നതാണ് പുതിയ പ്രതികരണങ്ങളത്രയും. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹം പോലും ദിവസങ്ങളായി സജീവമാണ്. ‘‘യുദ്ധാവസാനം ഇനി ഞങ്ങളുടെ കരങ്ങളിലാണ്’’ എന്ന് ഇറാൻ റവലൂഷനറി ഗാർഡ് മുതിർന്ന ഉദ്യോഗസ്ഥൻ മുഹ്സിൻ റിസാഇ ഞായറാഴ്ച നടത്തിയ പ്രസ്താവന വെറുതെ പറഞ്ഞുപോകുന്നതല്ലെന്ന് സാരം. പ്രത്യാക്രമണങ്ങൾ ഇനിയും വേണ്ടത്ര നാശമുണ്ടാക്കുന്നതിൽ വിജയം കണ്ടിട്ടില്ലെങ്കിലും ആഗോള സാമ്പത്തിക രംഗം ഒന്നാകെ മുൾമുനയിലാണിപ്പോൾ.
ഹുർമുസ് ഇടനാഴി വഴിയുള്ള ചരക്കുകടത്ത് സമ്പൂർണമായി നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. അത്യപൂർവമായി ഒന്നോ രണ്ടോ യുദ്ധക്കപ്പലുകൾ കടന്നതൊഴിച്ചാൽ കാര്യമായ സഞ്ചാരമില്ലാതെ ഹുർമുസ് അടഞ്ഞുകിടക്കുന്നു. ആഗോള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും 20 ശതമാനമോ അതിൽ കൂടുതലോ കടന്നുപോകുന്ന ഹുർമുസ് വഴി അത്രയെളുപ്പം എണ്ണക്കപ്പലുകൾക്ക് കടന്നുപോകാനാകാത്ത സ്ഥിതിയാണ്. ശത്രുരാജ്യങ്ങളുടെ കപ്പൽ മാത്രമേ ലക്ഷ്യമിടൂവെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക കപ്പലുകളും അപകടം മണത്ത് പുറത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ആയിരത്തോളം കപ്പലുകളാണ് ഹുർമുസ് അടഞ്ഞ് മുടങ്ങിക്കിടക്കുന്നത്. അതത് രാജ്യങ്ങളിൽനിന്ന് പുറപ്പെടാനാകാത്തവ നൂറുകണക്കിന് വേറെയും.
ഇറാൻ എണ്ണയുടെ പ്രധാന ടെർമിനലായ ഖാർഗ് ദ്വീപിൽ കഴിഞ്ഞ ദിവസം യു.എസ് നടത്തിയ ആക്രമണമാണ് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചത്. ഇവിടെ എണ്ണ കയറ്റുമതി സംവിധാനങ്ങൾ നാമാവശേഷമാക്കിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഖാർഗ് ദ്വീപ് തന്നെ പിടിച്ചടക്കാൻ യു.എസ് ലക്ഷ്യമിടുന്നതായും വാർത്ത വന്നു. ഇതിനായി 2,500 മറീനുകളെ ഹുർമുസിലേക്ക് അയക്കാൻ തീരുമാനിച്ചെങ്കിലും തത്കാലം പദ്ധതി വേണ്ടെന്നുവെച്ചതായാണ് റിപ്പോർട്ട്. രണ്ടാഴ്ചത്തേക്ക് ആ നീക്കം ഇല്ലെന്നാണ് യു.എസ് സ്ഥിരീകരണം.
ഒടുവിൽ ഹുർമുസ് മുടങ്ങി ആഗോള എണ്ണ വിപണിക്ക് തീപിടിച്ചതോടെയാണ് ലോകം മൊത്തത്തിൽ ട്രംപിനെതിരെയാണിപ്പോൾ. ഹുർമുസ് സംരക്ഷിക്കാൻ നാറ്റോയും ചൈനയുമടക്കം രാജ്യങ്ങൾ യുദ്ധക്കപ്പലുകളയക്കണമെന്ന ട്രംപിന്റെ ആവശ്യവും ഭീഷണിയും വിലപ്പോയതേയില്ല. കഴിഞ്ഞ വർഷം ഹുർമുസ് കടന്ന 70 ശതമാനം എണ്ണയും ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് പോയതെന്ന് യു.എസ് ഊർജ വകുപ്പ് കണക്കുകൾ പറയുന്നു. എന്നിട്ട് പോലും ആദ്യം യുദ്ധം നിർത്തൂ, എന്നിട്ട് സഹകരണമാകാമെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ഇന്ത്യയും യുദ്ധക്കപ്പൽ അയക്കാനില്ലെന്ന് അറിയിച്ചുകഴിഞ്ഞു. എണ്ണവില തിങ്കളാഴ്ച ബാരലിന് 104 ഡോളറിന് മുകളിലാണ്. അത് ഇനിയും ഉയർന്നാൽ, കാര്യങ്ങൾ കൂടുതൽ അപകടത്തിലാകും. എണ്ണക്കപ്പലുകൾ മാത്രമല്ല, യുദ്ധക്കപ്പലുകളും പ്രതിസന്ധിയിലാകുമെന്നതാണ് രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കുന്നത്. ഒറ്റ മിസൈൽ പതിച്ചാൽ കപ്പൽ രക്ഷപ്പെടുത്തൽ എളുപ്പമാകില്ല. എന്നുവെച്ചാൽ, ഹുർമുസ് തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കേണ്ടത് തെഹ്റാനിലാണ്. നിലവിലെ ഇറാൻ നേതൃത്വം അനുകൂലമായ തീരുമാനമെടുക്കാൻ സാധ്യത തീരെ കുറവും.
ഇറാനിൽ ഭരണമാറ്റം പറഞ്ഞാണ് തുടക്കത്തിൽ യു.എസും ഇസ്രായേലും ആക്രമണം തുടർന്നത്. അതിനായി കുർദുകളെ ഇറക്കി ആയുധമണിയിക്കലും ദിവസങ്ങൾ മാത്രം തുടർന്ന നാടകം. എന്നാൽ, ആ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക ഘടന ഇത്തരം അധികാര മാറ്റത്തെ ഒരു നിലക്കും സഹായിക്കില്ലെന്ന തിരിച്ചറിവ് വന്നതോടെ ഇപ്പോൾ പഹ്ലവിമാരെ അവരോധിക്കുന്ന അവകാശവാദങ്ങൾ തീരെ കുറവ്.ലബനാനിൽ ഹിസ്ബുല്ലയെ ഇല്ലാതാക്കാമെന്ന ഇസ്രായേലിന്റെ മോഹം പോലും എളുപ്പം നടക്കില്ലെന്ന് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നു.

