ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ പശ്ചിമേഷ്യയിലെ കത്തോലിക്കർക്ക് തുറന്ന കത്തുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ലോകശക്തികളുടെത് നാണംകെട്ട പിടിപ്പില്ലായ്മയെന്നാണ് മാർപാപ്പ വിമർശിച്ചത്.ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.
രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം പ്രതികാരവാഞ്ചയും. ഏറ്റവും ആവശ്യമായതും ഏറ്റവും ആഗ്രഹിക്കുന്നതുമായ കാര്യത്തെപ്പറ്റി, സമാധാനത്തെയും ചർച്ചയെയും പറ്റി, വളരെക്കുറച്ചു പേർക്കേ കരുതലുള്ളൂ എന്നും മാർപാപ്പ പറഞ്ഞു.