ഗ്ലെൻ ആലൻ, വിർജീനിയ: റിച്ച്മണ്ട് മെട്രോ പ്രദേശത്തെ കേരള ഹിന്ദു സമൂഹം (KHRMA) മഹാശിവരാത്രി ഭക്തിപൂർവ്വം ആചരിച്ചു. വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 1 മണിവരെ നീണ്ടുനിന്ന ഈ ആരാധനാ പരിപാടിയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഭക്തിസാന്ദ്രമായ പൂജകൾ, ജപങ്ങൾ, കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം എന്നിവയാൽ ഈ വർഷത്തെ ശിവരാത്രി ആഘോഷം ശ്രദ്ധേയമായി.

പരിപാടി കൃത്യമായി 6 മണിക്ക് 21 ഓം ജപം, 9 ഗായത്രി ജപം, ഓം നമഃ ശിവായ ജപങ്ങൾ എന്നിവയോടെ പരമ്പരാഗത രീതിയിൽ ആരംഭിച്ചു. 2026‑ലെ KHRMA എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ രാഹുൽ രാജ്, സ്വപ്ന മുരുകേശൻ, ഹരി കൃഷ്ണൻ എന്നിവർ ഭക്തരെ സ്വാഗതം ചെയ്തു.
തുടർന്ന് 6:15 മുതൽ 7:45 വരെ ഭജനകൾ അരങ്ങേറി. ഭക്തിപൂർണ്ണമായ ഭജനങ്ങൾ ഹാളിൽ ആത്മീയത നിറച്ചപ്പോൾ, കുട്ടികൾ ആലപിച്ച ഭജനങ്ങൾ പ്രത്യേക ശ്രദ്ധ നേടി. കുടുംബങ്ങളോടൊപ്പം എത്തിയ നിരവധി കുട്ടികൾ ഭക്തിഗാനങ്ങളിൽ പങ്കുചേർന്നത് പരിപാടിക്ക് കൂടുതൽ ഉണർവ് നൽകി.

7:45 മുതൽ 8 മണിവരെ കുട്ടികൾക്കായി ശിവരാത്രിയുടെ കഥയും അതിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന ചെറിയ സ്റ്റോറി‑ടെല്ലിംഗ് സെഷൻ നടന്നു. ശിവരാത്രിയുടെ ആത്മീയ സന്ദേശം ലളിതമായി അവതരിപ്പിച്ച ഈ ഭാഗം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ആസ്വദിച്ചു.
8 മണിക്ക് പണ്ഡിറ്റ് രാജഗോപാൽ ജി ലിംഗാഭിഷേകം ആരംഭിച്ചു. അതോടൊപ്പം അംഗങ്ങൾ ഏകാദശ രുദ്രം (11 പ്രാവശ്യം രുദ്രം ജപം) ചൊല്ലി. ജപങ്ങൾ, മന്ത്രങ്ങൾ, അഭിഷേകങ്ങൾ എന്നിവയോടെ ഹാൾ മുഴുവൻ ഭക്തിയാൽ നിറഞ്ഞു. രാത്രി 1 മണിവരെ ഭക്തർ ജപങ്ങളിൽ പങ്കുചേർന്നു.

വേദി മുഴുവൻ നിറഞ്ഞുനിന്ന ഭക്തജനങ്ങളുടെ സാന്നിധ്യം ഈ വർഷത്തെ ശിവരാത്രി ആഘോഷത്തിന് പ്രത്യേക ഭംഗി നൽകി. കുടുംബങ്ങൾ, യുവാക്കൾ, മുതിർന്നവർ എന്നിവർ ഒരുമിച്ച് പങ്കെടുത്തത് സമൂഹത്തിന്റെ ഐക്യവും ആത്മീയതയോടുള്ള പ്രതിബദ്ധതയും തെളിയിച്ചു. പരിപാടിയുടെ അവസാനം 2026‑ലെ മതകാര്യ കോർഡിനേറ്റർ റാഹുൽ രാജ് എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. ഭക്തിപൂർവ്വമായ പങ്കാളിത്തവും സേവന മനോഭാവവും കൊണ്ടാണ് ഈ വർഷത്തെ ശിവരാത്രി ആഘോഷം വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിക്ക് ശേഷം ഭക്തർക്കായി അത്താഴം ഒരുക്കിയിരുന്നു. KHRMA സംഘടിപ്പിച്ച ഈ ശിവരാത്രി ആഘോഷം റിച്ച്മണ്ട് മെട്രോ പ്രദേശത്തെ മലയാളി ഹിന്ദു സമൂഹത്തിന്റെ ആത്മീയ ഐക്യത്തിന്റെയും സാംസ്കാരിക പൈതൃക സംരക്ഷണത്തിന്റെയും തെളിവായി മാറി.


