വാഷിങ്ടൺ : ഇറാനെതിരെ വീണ്ടും മുന്നറിയിപ്പുമായി യു.എസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളീന ലീവിറ്റാണ് മുന്നറിയിപ്പ് ആവർത്തിച്ചത്. ഇറാന്റെ ആണവസൗകര്യങ്ങൾ പൂർണമായും ഇല്ലാതാക്കുകയെന്നതാണ് പ്രസിഡന്റ് പ്രഥമ പരിഗണന നൽകുന്ന നയതന്ത്രമെന്ന് ലീവിറ്റ് പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി കരാറിൽ ഏർപ്പെടുകയെന്ന ബുദ്ധിപരമായ നീക്കം ഇറാൻ നടത്തുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകളിൽ ചെറിയ പുരോഗതിയുണ്ട്. എന്നാൽ ചില വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായഭിന്നതകൾ തുടരുന്നുണ്ടെന്നും ലിവിറ്റ് പറഞ്ഞു. ചർച്ചകൾ പൂർത്തിയാക്കാനായി ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനത്തെ കുറിച്ച് പ്രതികരിക്കാൻ ലിവിറ്റ് തയാറായിട്ടില്ല.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ അമ്പതിലധികം യു.എസ് യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് നീങ്ങിയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ്. എഫ്- 35, എഫ്- 22, എഫ്- 16 എന്നിയ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്. ഇറാന് ചുറ്റും വ്യോമ- നാവിക വ്യൂഹം തീർക്കുകയാണ് യു.എസ്.
ചൊവ്വാഴ്ച ജനീവയിൽ നടന്ന യു.എസ്- ഇറാൻ ആണവ ചർച്ചയിൽ പുരോഗതി ഉണ്ടായതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞതിനുശേഷമാണ് യു. എസിന്‍റെ ഈ നീക്കം. ഇനിയും ചർച്ച ചെയ്യാനുണ്ട് എന്നും അവർ കൂട്ടിച്ചേർത്തിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ പുതിയ നിർദേശങ്ങളുമായി അനുനയ ചർച്ചക്ക് തയ്യാറാണെന്ന് ഇറാനും അറിയിച്ചിരുന്നു. സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് യു.എസിന്‍റെ ഈ നടപടി.

