Thursday, February 19, 2026
HomeNewsകുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് കാനഡ: പത്ത് മാസങ്ങളിൽ പുറത്താക്കിയത് 18500 പേർ, 2500 ഇന്ത്യക്കാരും

കുടിയേറ്റ നിയന്ത്രണം കടുപ്പിച്ച് കാനഡ: പത്ത് മാസങ്ങളിൽ പുറത്താക്കിയത് 18500 പേർ, 2500 ഇന്ത്യക്കാരും

ടൊറന്റോ : 2025ൽ മാത്രം 2500ലധികം ഇന്ത്യക്കാരെ പുറത്താക്കി കാനഡ. 2025 ആദ്യ പത്ത് മാസങ്ങളിൽ 18500 പേരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കിയതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഇതിൽ 2500ലധികം പേർ ഇന്ത്യക്കാരാണ്. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2025 ഒക്ടോബർ വരെ ആകെ 18,785 പേരെ പുറത്താക്കി. 29,542 പേരുടെ പുറത്താക്കൽ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 3972 മെക്സിക്കോ പൗരന്മാരെയാണ് ഈ കാലയളവിൽ പുറത്താക്കിയത്.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതും അഭയാർത്ഥി അപേക്ഷകളിലെ നിയമലംഘനങ്ങളുമാണ് പ്രധാനമായും പുറത്താക്കലിന് കാരണമായത്. പുറത്തായവരിൽ ഭൂരിഭാഗവും അഭയാർത്ഥി മാനദണ്ഡങ്ങൾ പാലിക്കാതെ രാജ്യത്ത് എത്തിയവരാണ്. പുറത്താക്കിയവരിൽ ഒന്നാം സ്ഥാനത്തുള്ളത് മെക്സിക്കോയാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നിലവിൽ നടപടികൾ തുടരുന്ന 29,542 കേസുകളിൽ 6,515 എണ്ണം ഇന്ത്യക്കാരുടേതാണ്. ആളുകളെ പുറത്താക്കുന്നതിനായി മൂന്ന് തരത്തിലുള്ള ഉത്തരവുകളാണ് കാനഡ നൽകിയത്.30 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശിക്കുന്ന ഡിപ്പാർച്ച‍ർ ഓർഡ‍ർ, ഒരു വ‍ർഷം മുതൽ അ‌ഞ്ച് വർഷം വരെ കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള എക്സ്ക്ലൂഷൻ ഓർഡർ, കാനഡയിലേക്ക് മടങ്ങുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുന്ന ഡീപോർട്ടേഷൻ ഓർഡർ എന്നിവയാണ് പുറത്താക്കപ്പെടുന്ന ആളുകൾക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുറത്താക്കൽ നിരക്കാണിതെന്നാണ് കാനഡ ബോർഡർ സർവീസസ് ഏജൻസി വിശദമാക്കുന്നത്. 2021ൽ 7,513 പേരെ പുറത്താക്കിയ സ്ഥാനത്ത് 2025ന്റെ ആദ്യ പത്ത് മാസത്തിനുള്ളിൽ തന്നെ അത് 18,000 കടന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments