വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാനവും സംഘർഷ പരിഹാരവും ലക്ഷ്യമിട്ട് രൂപീകരിച്ചിട്ടുള്ള ‘ബോർഡ് ഓഫ് പീസ്‘ പദ്ധതിയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കാർഡിനൽ പീട്രോ പരോളിൻ ആണ് ഇക്കാര്യം അറിയിച്ചത്.
വത്തിക്കാൻ മറ്റ് രാഷ്ട്രങ്ങളെപ്പോലെയല്ലെന്നും, അതിൻ്റെ പ്രത്യേകമായ മതപരവും ആത്മീയവുമായ സ്വഭാവം ഇത്തരം രാഷ്ട്രീയ സമിതികളിൽ അംഗമാകുന്നതിന് തടസ്സമാണെന്നും പരോളിൻ വിശദീകരിച്ചു. മാത്രമല്ല, അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾ പരിഹരിക്കേണ്ടത് പ്രധാനമായും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലായിരിക്കണം എന്ന് വത്തിക്കാൻ വിശ്വസിക്കുന്നു. സമാന്തരമായ മറ്റൊരു സംവിധാനം ഇതിനെ ദുർബലപ്പെടുത്തിയേക്കാം എന്ന ആശങ്കയും വത്തിക്കാൻ പങ്കുവെക്കുന്നു.
ബോർഡ് ഓഫ് പീസ്‘ പദ്ധതിയുടെ ചില നിർദ്ദേശങ്ങളിൽ വത്തിക്കാൻ അതൃപ്തി പ്രകടിപ്പിച്ചു. സമിതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനരീതിയെക്കുറിച്ചും കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്ന് അവർ അറിയിച്ചു. 18 ന് നടന്ന പ്രഖ്യാപനത്തിലൂടെയാണ് വത്തിക്കാൻ ഈ നിലപാട് വ്യക്തമാക്കിയത്. ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഈ സമിതി ഗാസയുടെ പുനർനിർമ്മാണവും ആഗോള സമാധാനവും ലക്ഷ്യമിട്ടാണ് രൂപീകരിച്ചതെങ്കിലും, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ നിന്നും വിട്ടുനിൽക്കുകയാണ്.ഇസ്രായേൽ-ഹമാസ് യുദ്ധാനന്തരമുള്ള ഗാസയുടെ പുനർനിർമ്മാണം, സുരക്ഷ, ഭരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ഈ സമിതിയുടെ പ്രാഥമിക ദൗത്യം. ഭാവിയിൽ ആഗോളതലത്തിലുള്ള മറ്റ് സംഘർഷങ്ങൾ പരിഹരിക്കാനും ഈ ബോർഡ് ഇടപെടും.
2025 സെപ്റ്റംബറിൽ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അംഗീകാരം നൽകിയിട്ടുണ്ട്. ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വെച്ചാണ് ഇതിന്റെ ചാർട്ടർ ഒപ്പിട്ടത്. ഡോണൾഡ് ട്രംപ് ആണ് ഈ ബോർഡിൻ്റെ ചെയർമാൻ. അദ്ദേഹത്തിന് പുറമെ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്‌കോഫ്, മാർക്കോ റൂബിയോ തുടങ്ങിയവർ ഉൾപ്പെട്ട ഒരു എക്സിക്യൂട്ടീവ് ബോർഡ് ഇതിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങി മുപ്പതോളം രാജ്യങ്ങൾ ഇതിൽ പങ്കുചേരാൻ സമ്മതിച്ചിട്ടുണ്ട്. ഗാസയുടെ പുനർനിർമ്മാണത്തിനായി ഏകദേശം 5 ബില്യൺ ഡോളർ ഇതിനകം അംഗരാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബോർഡിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഓരോ രാജ്യവും 1 ബില്യൺ ഡോളർ നൽകണമെന്ന് ട്രംപ് നിർദ്ദേശിച്ചിരുന്നു.

