Wednesday, February 18, 2026
HomeAmericaഎപ്സ്റ്റീൻ ഫയലുകൾ സുതാര്യം ആക്കണം: പുറത്ത് വന്നതൊക്കെ പോരായ്മകളുണ്ടെന്ന് യുഎസ് ജനപ്രതിനിധികൾ

എപ്സ്റ്റീൻ ഫയലുകൾ സുതാര്യം ആക്കണം: പുറത്ത് വന്നതൊക്കെ പോരായ്മകളുണ്ടെന്ന് യുഎസ് ജനപ്രതിനിധികൾ

വാഷിംഗ്ടൺ: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്ട് പ്രകാരം ആവശ്യപ്പെട്ട എല്ലാ ഫയലുകളും പുറത്തുവിട്ടതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DoJ) അറിയിച്ചു. എന്നാൽ, ഈ നടപടി അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി നിയമനിർമ്മാതാക്കൾ രംഗത്തെത്തി.

ശനിയാഴ്ച യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അറ്റോർണി ജനറൽ പാം ബോണ്ടിയും ഡെപ്യൂട്ടി ടോഡ് ബ്ലാഞ്ചും അയച്ച കത്തിൽ, തങ്ങളുടെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിട്ടതായും ഫയലുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പേരുകളുടെ പട്ടിക നൽകിയതായും വ്യക്തമാക്കി. ഈ മാസം തുടക്കത്തിലാണ് എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പുതിയ ഫയലുകൾ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ടത്. വ്യക്തിപരമായ നാണക്കേടോ രാഷ്ട്രീയ പ്രത്യാഘാതങ്ങളോ ഭയന്ന് ഒരു രേഖയും മാറ്റിവെച്ചിട്ടില്ലെന്ന് ബോണ്ടിയും ബ്ലാഞ്ചും കത്തിൽ അവകാശപ്പെട്ടു. എന്നാൽ, ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനെയും കൂട്ടാളികളെയും പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് മുൻപ് എടുത്ത തീരുമാനങ്ങളുടെ ആഭ്യന്തര മെമ്മോകളും പുറത്തുവിടണമെന്ന് നിയമത്തിൻ്റെ സഹരചയിതാവായ കെന്റക്കി റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസി ആവശ്യപ്പെട്ടു.

പുറത്തുവിട്ട പട്ടികയിൽ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ സ്വാധീനമുള്ളവരുമടക്കമുള്ള ഉന്നതരും ഉൾപ്പെടുന്നു. ഡോണൾഡ് ട്രംപ്, ബിൽ ഗേറ്റ്‌സ്, ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സർ, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖർ പട്ടികയിലുണ്ട്. എന്നാൽ ഈ പട്ടികയിൽ പേരുള്ളവർ കുറ്റക്കാരാണെന്ന് ഇതിനർത്ഥമില്ലെന്നും പലരും എപ്‌സ്റ്റീൻ്റെ കുറ്റകൃത്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

അതേസമയം, എപ്‌സ്റ്റൈൻ മരിക്കുമ്പോൾ കൗമാരക്കാരൻ മാത്രമായിരുന്ന അന്തരിച്ച പ്രശസ്ത ഗായകർ ജാനിസ് ജോപ്ലിൻ, എൽവിസ് പ്രെസ്‌ലി എന്നിവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടത് ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. “ഇരകളെ പീഡിപ്പിച്ചവരും വെറുതെ ഫയലുകളിൽ പേര് പരാമർശിക്കപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കാതെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെള്ളം ചേർക്കുകയാണെന്ന്” കാലിഫോർണിയ ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന ആരോപിച്ചു. ഇരകളുടെ പേരുകൾ മാത്രം മറച്ചുവെച്ച് ബാക്കി എല്ലാ ഫയലുകളും പൂർണ്ണരൂപത്തിൽ പുറത്തുവിടണമെന്നും റോ ആവശ്യപ്പെട്ടു.

നേരത്തെ പുറത്തുവിട്ട ഫയലുകളിൽ ചിലത് കൃത്യമായി മറച്ചിരുന്നില്ലെന്നും ഇരകളുടെ ഇമെയിൽ വിലാസങ്ങളും നഗ്നചിത്രങ്ങളും തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ പ്രചരിച്ചതായും ഇരകളുടെ അഭിഭാഷകർ പരാതിപ്പെട്ടിരുന്നു. എന്നാലിത് സാങ്കേതിക പിഴവോ മനുഷ്യസഹജമായ തെറ്റോ കാരണമാണ് ഇത് സംഭവിച്ചതെന്നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments