മോസ്കോ : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ്. ബുധനാഴ്ച റഷ്യൻ പാർലമെന്റിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും ഇതിന് പകരമായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ യുഎസ് ഒഴിവാക്കിയെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനുള്ള പ്രധാന നിബന്ധനകളിലൊന്ന് ഇതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേ സമയം, ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ലെന്ന് സെർഗെയ് ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ വില കുറഞ്ഞ റഷ്യൻ ഊർജം വാങ്ങുന്നതിൽ നിന്ന് തടയാനും പകരം വില കൂടിയ യുഎസ് പ്രകൃതിവാതകം വാങ്ങാൻ പ്രേരിപ്പിക്കാനുമാണ് യുഎസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉപരോധങ്ങളും നികുതി ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു.

