മസ്കറ്റ്: നേരിട്ടുള്ള സൈനിക സംഘർഷമുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പ്രതിസന്ധി പരിഹരിക്കുന്നതിനായി മുതിർന്ന യുഎസ്-ഇറാൻ ഉദ്യോഗസ്ഥർ ഒമാനിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ഇറാനിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ രാജ്യം അടിച്ചമർത്തിയതിനെത്തുടർന്ന് മേഖലയിൽ യുഎസ് സൈനിക സന്നാഹം വർദ്ധിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുങ്ങിയത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനെ പ്രതിനിധീകരിക്കുന്നത്. യുഎസ് ഭാഗത്തുനിന്ന് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്‌നറും ചർച്ചകളിൽ പങ്കെടുക്കും.ചർച്ചയുടെ വേദിയെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചുമുള്ള അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നെങ്കിലും, പ്രാദേശിക മധ്യസ്ഥരുടെ ശ്രമഫലമായാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ നിന്നും ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
ഇറാൻ്റെ ആണവ പദ്ധതികൾ മരവിപ്പിക്കണമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കണമെന്നുമാണ് യുഎസ് ആവശ്യം. കൂടാതെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ, പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, പൗരന്മാരോടുള്ള പെരുമാറ്റം എന്നിവയും ചർച്ച ചെയ്യണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. എന്നാൽ ചർച്ചകൾ ആണവ പദ്ധതിയിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് ഇറാൻ്റെ നിലപാട്. ചർച്ചകൾ വിജയകരമായാൽ ഭാവി ചർച്ചകൾക്കായുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇറാൻ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ബോംബിടുമെന്ന് അടുത്തിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള വലിയൊരു സൈനിക വ്യൂഹത്തെ യുഎസ് മേഖലയിൽ വിന്യസിച്ചു. ആക്രമണമുണ്ടായാൽ ഇസ്രായേലിനും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

