ന്യൂഡൽഹി : ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അമേരിക്കയുമായി അതീവ രഹസ്യമായ ഒരു വ്യാപാര കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതിന് മൂന്ന് ദിവസം മുമ്പ് ഫെബ്രുവരി 9-ന് വാഷിംഗ്ടണിൽ വെച്ചാണ് കരാർ ഒപ്പിടാൻ നിശ്ചയിച്ചിരിക്കുന്നത്.
കരാറിലെ നിബന്ധനകൾ പുറത്തുവിടരുതെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻ്റ് ബംഗ്ലാദേശ് അമേരിക്കയുമായി ഒപ്പിട്ടിട്ടുണ്ട്. അതിനാൽ കരാറിൻ്റെ ഉള്ളടക്കം പാർലമെൻ്റി ലോ പൊതുസമൂഹത്തിലോ ചർച്ച ചെയ്തിട്ടില്ലെന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.ഇന്ത്യ-യുഎസ് വ്യാപാര കരാറിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിച്ച സാഹചര്യത്തിൽ, ബംഗ്ലാദേശിൻ്റെ വസ്ത്ര കയറ്റുമതി മേഖലയിലെ മത്സരക്ഷമത നിലനിർത്താനാണ് ഈ തിരക്കിട്ട നീക്കം. നിലവിൽ 20 ശതമാനമുള്ള നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, കാലാവധി അവസാനിക്കാറായ ഒരു ഇടക്കാല സർക്കാരിന് ഇത്തരമൊരു സുപ്രധാന കരാറിൽ ഒപ്പിടാൻ നിയമപരമായ അധികാരമുണ്ടോ എന്ന ചോദ്യം സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും ഉയർത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സർക്കാരിനെ ഈ കരാർ ബാധിക്കുമെന്ന ആശങ്കയും ശക്തമായി ഉയരുന്നുണ്ട്.

