Wednesday, February 4, 2026
HomeAmericaആമസോണിൽ നിന്നും പിരിച്ചുവിടൽ വീണ്ടും: ഇന്ത്യയിലെ അടക്കം 16000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആമസോണിൽ നിന്നും പിരിച്ചുവിടൽ വീണ്ടും: ഇന്ത്യയിലെ അടക്കം 16000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആമസോൺ കമ്പനി 16,000 കോർപ്പറേറ്റ് ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പിരിച്ചുവിടലാണിത്. ഒക്ടോബറിൽ 14,000 തസ്തികകൾ ഒഴിവാക്കിയതിന് ശേഷമുള്ള ഏറ്റവും പുതിയ വലിയ പിരിച്ചുവിടലാണിത്. കമ്പനിയുടെ ആഭ്യന്തര സ്ലാക്ക് (Slack) സന്ദേശങ്ങൾ പ്രകാരം, അമേരിക്ക, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പുതിയ പിരിച്ചുവിടലിൽ ഉൾപ്പെട്ടിരിക്കുന്നത്.

യുഎസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടൽ സംബന്ധിച്ച് ഇതിനകം അറിയിച്ചതായി ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. വിവിധ വിഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ടീമുകളെയാണ് ഇത് ബാധിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആമസോൺ വെബ് സർവീസസ് (AWS) വിഭാഗത്തിലെ ബെഡ്രോക്ക് എഐ ക്ലൗഡ് സേവനം, റെഡ്ഷിഫ്റ്റ് ക്ലൗഡ് ഡാറ്റ വെയർഹൗസ്, പ്രോസർവ് കൺസൾട്ടിംഗ് യൂണിറ്റ് എന്നിവയിലെ ടീമുകൾ പിരിച്ചുവിടലിൽ ഉൾപ്പെടുന്നു. കൂടാതെ പ്രൈം സബ്സ്ക്രിപ്ഷൻ ബിസിനസ്സ്, ഡെലിവറി എക്സ്പീരിയൻസ് (ലാസ്റ്റ് മൈൽ) ടീമുകളും ബാധിക്കപ്പെടും.

പിരിച്ചുവിടലിൽ ഉൾപ്പെട്ട പലരും സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് മേഖലയിൽ ജോലി ചെയ്തിരുന്നവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവർ പുതിയ ജോലി അവസരങ്ങൾ തേടി ആഭ്യന്തര സ്ലാക്ക് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. യുഎസിലെ ജീവനക്കാർക്ക് കമ്പനിയ്ക്കുള്ളിൽ പുതിയ ജോലി കണ്ടെത്താൻ 90 ദിവസത്തെ സമയം നൽകുമെന്ന് അമസോൺ അറിയിച്ചു. പുതിയ തസ്തിക ലഭിക്കാത്തവർക്കും ശ്രമിക്കാത്തവർക്കും സെവറൻസ് പേ, ആരോഗ്യ ഇൻഷുറൻസ് തുടർച്ച എന്നിവ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭിക്കും.

ലോകമെമ്പാടുമായി 15 ലക്ഷത്തിലധികം ജീവനക്കാരാണ് ആമസോണിൽ ജോലി ചെയ്യുന്നത്. എന്നാൽ കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം ഏകദേശം 3.5 ലക്ഷം മാത്രമാണ്. ആമസോണിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിൽ അയച്ച കലണ്ടർ ക്ഷണക്കത്ത് അബദ്ധത്തിൽ പുറത്തായതോടെയാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി പുറത്ത് വന്നതെന്ന് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments