വാഷിംഗ്ടൺ : ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തൻ്റെ നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഈ ലക്ഷ്യത്തിനായി ഏതറ്റം വരെ പോകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “നിങ്ങൾക്കത് വൈകാതെ കാണാം” (You’ll find out) എന്നായിരുന്നു ട്രംപിന്റെ മറുപടി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ട്രംപ് ഈ വിഷയം യൂറോപ്യൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഇരിക്കുകയാണ്.ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് ട്രംപിൻ്റെ അവകാശം. “നേരായ വഴി അല്ലെങ്കിൽ കടുപ്പമേറിയ വഴി” അത് സാധിക്കും എന്ന നിലപാടിലാണ് താനെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.
ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയെ എതിർക്കുന്ന ഡെന്മാർക്ക്, നോർവേ, സ്വീഡൻ ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10% അധിക ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചു. ഫെബ്രുവരി 1 മുതൽ ഇത് നിലവിൽ വരുമെന്നും ജൂൺ ഒന്നിനുള്ളിൽ ഗ്രീൻലാൻഡ് കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളയുന്നില്ല. ഇതിനെ പ്രതിരോധിക്കാനായി ഡെന്മാർക്കും മറ്റ് സഖ്യകക്ഷികളും ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിൻ്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്നും ഡെന്മാർക്ക് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

