വാഷിംഗ്ടൺ: വെനസ്വേലയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കാരക്കാസിലെ യുഎസ് എംബസി വീണ്ടും തുറക്കാനുള്ള പ്രാഥമിക നടപടികൾ ട്രംപ് ഭരണകൂടം ആരംഭിച്ചതായി റിപ്പോർട്ട്. 2019 മുതൽ വെനസ്വേലയിലെ നയതന്ത്ര കാര്യങ്ങൾ കൊളംബിയയിലെ ബൊഗോട്ടയിലുള്ള യുഎസ് എംബസി വഴിയാണ് നിയന്ത്രിച്ചിരുന്നത്.2019-ൽ അടച്ചുപൂട്ടിയ കാരക്കാസിലെ എംബസി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ യുഎസ് ഉദ്യോഗസ്ഥരോട് തയ്യാറെടുക്കാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ ഉദ്യോഗസ്ഥർ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എംബസി തുറക്കുന്നതിനെക്കുറിച്ച് “തങ്ങൾ ആലോചിക്കുന്നുണ്ട്” എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.
ജനുവരി 3-ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈനിക നീക്കത്തിലൂടെ പിടികൂടി ന്യൂയോർക്കിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഈ നീക്കം. മഡുറോയുടെ പുറത്താക്കലിനുശേഷം വെനസ്വേലയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും അവിടുത്തെ എണ്ണ നിക്ഷേപങ്ങളിൽ സ്വാധീനം ഉറപ്പിക്കാനും യുഎസ് ലക്ഷ്യമിടുന്നു. നിലവിൽ ഡെൽസി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ട്.

