തുർക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാകുന്നു. വെള്ളിയാഴ്ച സൗദി അറേബ്യയിൽ സംയുക്ത പ്രതിരോധ കരാറിൽ മൂന്ന് ഒപ്പുവെക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ നേരിട്ട് അറിവുള്ള രണ്ട് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. രാജ്യങ്ങൾ തമ്മിലുള്ള നിർദിഷ്ട സൈനിക, പ്രതിരോധ സഖ്യത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന അനൗപചാരിക ഭൗമരാഷ്ട്രീയ ആശയമാണ് ‘ഇസ്ലാമിക് നാറ്റോ’.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ പ്രതിരോധ, സാമ്പത്തിക സഹകരണ സംവിധാനം ഖത്തർ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിക്കാമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലൂടെ കൂടുതൽ വിപുലമായ പ്രാദേശിക സുരക്ഷാ സംവിധാനം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. മെയ് മാസത്തിൽ പാകിസ്ഥാൻ മാധ്യമമായ ഹം ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇത്തരമൊരു സംവിധാനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും ഭാവിയിൽ ഈ രാജ്യങ്ങൾക്കും ഇതിൽ ചേരാനാകുമെന്നും ആസിഫ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം പാകിസ്ഥാനും സൗദി അറേബ്യയും ‘തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാറിൽ’ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. അന്തിമരൂപം നൽകിയതോ, ഭാഗികമായി അന്തിമരൂപം നൽകിയതോ, അന്തിമരൂപം നൽകിക്കൊണ്ടിരിക്കുന്നതോ ആയ ഈ ക്രമീകരണം പുരോഗതിയിലാണ്. ഭാവിക്കായുള്ള ഒരു ക്രമീകരണമാണിത്. അതിൽ നിലവിലെ സാഹചര്യങ്ങളും ഉൾപ്പെടുമെന്ന് ആസിഫ് പറഞ്ഞു.
സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ കരാറിൽ ഖത്തറും തുർക്കിയയും ചേരുകയാണെങ്കിൽ, നമ്മുടെ മേഖലയിലേക്ക് ഇത്തരം സാമ്പത്തിക, പ്രതിരോധ സഹകരണ സംവിധാനം വരുന്നത് സ്വാഗതാർഹമാണ്. ഇതുവഴി മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് പരസ്പര ആശ്രിതത്വം തുടരും.
എല്ലാ രാജ്യങ്ങളും സാമ്പത്തികമായും മറ്റുതരത്തിലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അന്താരാഷ്ട്ര സമൂഹമാണുള്ളത്. എന്നാൽ സ്വന്തം മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് ഈ കരാർ ആരെയും ലക്ഷ്യമിട്ടുള്ളതല്ല. നമ്മുടെ മേഖലയിലെ സമാധാനം സംരക്ഷിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. നിർദേശിക്കപ്പെടുന്ന പുതിയ സംവിധാനം ഒരു രാജ്യത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുകയും പുറത്തുനിന്നുള്ള ആശ്രിതത്വം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ ക്ഷണപ്രകാരം റിയാദിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് പാകിസ്ഥാനും സൗദി അറേബ്യയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, ഏകദേശം എട്ട് പതിറ്റാണ്ടായി തുടരുന്ന ചരിത്രപരമായ പങ്കാളിത്തം, സഹോദര്യത്തിന്റെയും ഇസ്ലാമിക ഐക്യദാർഢ്യത്തിന്റെയും ബന്ധങ്ങൾ, പങ്കിട്ട തന്ത്രപ്രധാന താൽപര്യങ്ങൾ, അടുത്ത പ്രതിരോധ സഹകരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും ‘തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാറിൽ’ ഒപ്പുവെച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
കരാറിന് പിന്നാലെ ഇന്ത്യയും പ്രതികരിച്ചിരുന്നു. ‘തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാർ’ ഇന്ത്യയുടെ ദേശീയ സുരക്ഷയിലും പ്രാദേശിക, ആഗോള സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന ഒരു ക്രമീകരണത്തിന് ഔപചാരിക രൂപം നൽകിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം, കരാറിന്റെ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഇന്ത്യ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംഭവവികാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കാണ് പരമപ്രധാനമായ പരിഗണനയെന്നും ജയ്‌സ്വാൾ വ്യക്തമാക്കി. സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ തന്ത്രപ്രധാന പരസ്പര പ്രതിരോധ കരാർ ഒപ്പുവെച്ചതായുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഒരു ക്രമീകരണത്തിന് ഔപചാരിക രൂപം നൽകുന്ന ഈ സംഭവവികാസം പരിഗണനയിലുണ്ടായിരുന്ന കാര്യം സർക്കാരിന് അറിയാമായിരുന്നു. നമ്മുടെ ദേശീയ സുരക്ഷയിലും പ്രാദേശിക, ആഗോള സ്ഥിരതയിലും ഈ സംഭവവികാസം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഞങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലും സമഗ്രമായ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

