വാഷിംഗ്ടൺ : ഷിക്കാഗോ, ലോസ് ഏഞ്ചൽസ്, പോർട്ട്‌ലാൻഡ് (ഒറിഗൺ) എന്നീ നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡ് സൈനികരെ പിൻവലിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. നാഷണൽ ഗാർഡിന്റെ സാന്നിധ്യം ഈ നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചതായി ട്രംപ് അവകാശപ്പെട്ടു. കുറ്റകൃത്യങ്ങൾ വീണ്ടും വർധിക്കുകയാണെങ്കിൽ സൈന്യം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം പ്രധാനമായും നിയമപരമായ വെല്ലുവിളികളെയും കോടതി ഉത്തരവുകളെയും തുടർന്നാണ്. ഷിക്കാഗോയിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള നീക്കം കഴിഞ്ഞയാഴ്ച യുഎസ് സുപ്രീം കോടതി തടഞ്ഞിരുന്നു.കുറ്റകൃത്യങ്ങൾ തടയുന്നതിനും കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുമായാണ് ഈ നഗരങ്ങളിൽ ട്രംപ് നാഷണൽ ഗാർഡിനെ വിന്യസിച്ചിരുന്നത്. എന്നാൽ, ഷിക്കാഗോയിലെയും പോർട്ട്‌ലാൻഡിലെയും സൈനികർ നിയമതടസ്സങ്ങൾ കാരണം തെരുവുകളിൽ സജീവമായ ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. ഡെമോക്രാറ്റിക് ഗവർണർമാരും മേയർമാരും തുടക്കം മുതൽ തന്നെ ട്രംപ് മുൻകൈ എടുത്ത ഈ വിന്യാസത്തെ എതിർത്തിരുന്നു. ഇത് അനാവശ്യമായ സൈനിക ഇടപെടലാണെന്ന് കാട്ടി ഇവർ എത്തിയിരുന്നു.
അതേസമയം, ഇപ്പോൾ സൈന്യത്തെ പിൻവലിക്കുകയാണെങ്കിലും താൽക്കാലികമാണെന്നും ഭാവിയിൽ വിന്യാസം വീണ്ടും ഉണ്ടായേക്കാമെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. “കുറ്റകൃത്യങ്ങൾ വീണ്ടും ഉയരാൻ തുടങ്ങുമ്പോൾ, ഒരുപക്ഷേ വളരെ വ്യത്യസ്തവും ശക്തവുമായ രൂപത്തിൽ ഞങ്ങൾ തിരിച്ചുവരും – സമയത്തിന്റെ ചോദ്യം മാത്രം!” ട്രംപ് എഴുതി.

