Saturday, January 10, 2026
HomeAmericaജനജീവിതം ദുസഹമാക്കി ന്യൂയോർക്കിൽ ശക്തമായ മഞ്ഞുവീഴ്ച്ച

ജനജീവിതം ദുസഹമാക്കി ന്യൂയോർക്കിൽ ശക്തമായ മഞ്ഞുവീഴ്ച്ച

ന്യൂയോർക്ക് : ന്യൂയോർക്കിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ജോൺ എഫ്. കെന്നഡി (JFK), ലാഗ്വാർഡിയ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നൂറുകണക്കിന് സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതകാല കൊടുങ്കാറ്റാണ് ഇപ്പോൾ ന്യൂയോർക്കിലുള്ളത്. ന്യൂയോർക്ക് സിറ്റിയിലെ സെൻട്രൽ പാർക്കിൽ 4.3 ഇഞ്ച് മഞ്ഞ് രേഖപ്പെടുത്തി. നഗരത്തിന് പുറത്തുള്ള ലോംഗ് ഐലൻഡ്, കണക്റ്റിക്കട്ട് തുടങ്ങിയ ഇടങ്ങളിൽ 9 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ചയാണിതെന്ന് യുഎസ് നാഷണൽ വെതർ സർവീസ് (NWS) പറഞ്ഞു.

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കണക്കിലെടുത്ത് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്രിസ്മസിന് ശേഷമുള്ള തിരക്കേറിയ യാത്രാസമയത്ത് മഞ്ഞുവീഴ്ച ഉണ്ടായത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചു. ജെ.എഫ്.കെ (JFK), ലാഗ്വാർഡിയ (LaGuardia), ന്യൂവാർക്ക് (Newark) വിമാനത്താവളങ്ങളിലായി ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു.ശനിയാഴ്ച, ന്യൂയോർക്ക് പ്രദേശത്ത് ഏകദേശം 700 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. അതേസമയം രാജ്യവ്യാപകമായി 3,000 ത്തിലധികം വിമാന സർവീസുകൾ വൈകിയതായി ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ്അവെയർ റിപ്പോർട്ട് ചെയ്യുന്നു.

റോഡുകളിൽ മഞ്ഞ് കട്ടപിടിച്ചതിനെത്തുടർന്ന് അപകടസാധ്യത വർദ്ധിക്കുകയും പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. സബ്‌വേ ട്രെയിനുകളും ബസ്സുകളും വൈകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (MTA) അറിയിച്ചിട്ടുണ്ട്. മഞ്ഞുരുകിയ ശേഷം വീണ്ടും തണുക്കുന്നതിനാൽ റോഡുകളിൽ വഴുക്കലുണ്ടാകാൻ (Black Ice) സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments