ജറുസലം / ഹർഗെയ്സ : ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാൻഡിനെ ഇസ്രയേൽ അംഗീകരിച്ചു. 1991ൽ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷത്തിനു ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നൽകുന്നത്.
സൊമാലിലാൻഡുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ സൊമാലിയയും ആഫ്രിക്കൻ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സൊമാലിലാൻഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേൽ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു.
സൊമാലിയ വിദേശകാര്യ മന്ത്രി അബ്ദിസലാം അബ്ദി അലി ഈജിപ്ത്, തുർക്കി, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അടിയന്തര ചർച്ച നടത്തി. മേഖലയിലെ രാജ്യങ്ങളുമായി ഇസ്രയേൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിക്കുന്നതു ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥനായി 2020–ൽ നിലവിൽ വന്ന ഏബ്രഹാം ഉടമ്പടിയുടെ ഉള്ളടക്കത്തോടു ചേർന്നു പോകുന്ന നീക്കമാണിതെന്ന് നെതന്യാഹു പറഞ്ഞു.
യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേൽ നയതന്ത്ര സഹകരണം ആരംഭിച്ചത് ഈ ഉടമ്പടിക്കുശേഷമായിരുന്നു. സൊമാലിലാൻഡിനെ യുഎസ് ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അബ്ദിറഹ്മാൻ ഇറോ എന്ന പേരിൽ അറിയപ്പെടുന്ന സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മജ് അബ്ദുല്ലാഹിയുമായി വിഡിയോ കോളിൽ സംസാരിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേൽ സന്ദർശിക്കാൻ ക്ഷണിച്ചു.
ഒരു വർഷം നീണ്ട ചർച്ചകൾക്കുശേഷമാണ് നയതന്ത്ര ധാരണയായതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു. സൊമാലിലാൻഡിന് രാഷ്ട്രീയ അംഗീകാരം നൽകുന്നതിനു പിന്നിലുള്ള ഇസ്രയേലിന്റെ ലക്ഷ്യത്തെക്കുറിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. ഗാസയിൽനിന്ന് പലസ്തീൻകാരെ കുടിയിറക്കി ആഫ്രിക്കൻ മേഖലകളിലേക്കു മാറ്റാനുള്ള നീക്കം നടക്കുന്നതായി ഈ വർഷമാദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു; ഇതിനായി കണ്ടുവച്ചിരിക്കുന്നത് സൊമാലിലാൻഡ് ആണെന്നും.
സൊമാലിയയുടെ ഭാഗമായ സ്വയംഭരണമേഖല. പണ്ട് ബ്രിട്ടന്റെ കീഴിലായിരുന്നു. സ്വന്തമായി സർക്കാരും പൊലീസ് സേനയും കറൻസി പോലുമുണ്ട്. ചെങ്കടൽ, ഗൾഫ് ഓഫ് ഏഡൻ, ഇന്ത്യൻ മഹാസമുദ്രം എന്നിവയോടു ചേർന്നു കിടക്കുന്ന ‘ഹോൺ ഓഫ് ആഫ്രിക്ക’ എന്നറിയപ്പെടുന്ന തന്ത്രപ്രധാന മേഖലയുടെ ഭാഗമാണ്. സൊമാലിയയിൽ സിയാദ് ബാറെയുടെ ഏകാധിപത്യകാലത്താണ് സൊമാലിലാൻഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
ഏകാധിപത്യ ഭരണത്തിൻകീഴിൽ സൊമാലിയയുടെ വലിയൊരു ഭാഗം സാമ്പത്തികമായും സാമൂഹികമായും തകർന്നടിഞ്ഞെങ്കിലും 1990 കളുടെ അവസാനത്തോടെ സൊമാലിലാൻഡിലെ അവസ്ഥ ഏറെ മെച്ചപ്പെട്ടു. കിഴക്കൻ മേഖലയിലെ ജനങ്ങൾ പക്ഷേ സ്വതന്ത്ര റിപ്പബ്ലിക് ആശയത്തോടു യോജിക്കുന്നവരല്ല.

